Wednesday, 6 June 2007

ഹിന്ദി ഭൂഷനും എസ്ത്! എസ്ത്!! എസ്തും!!!നാട്ടുകവലയിലെ ഒരു തെങ്ങിന്‍ ചുവട്...

രാവിലെ എട്ടുമണിനേരം...

ഒരു മൂപ്പീന്ന് തെങ്ങിന്റെ മണ്ടയിലോട്ട് നോക്കി നില്‍കാന്‍ തുടങ്ങിയിട്ട് കുറേനേരമായ്.

ചെത്തുകാരന്‍ മുകളിലിരുന്ന് കള്ളൂറ്റുന്നു...പിന്നെ തട്ടുന്നു, മുട്ടുന്നു, ചെത്തുന്നു, ചെളിവാരിത്തേയ്ക്കുന്നു...താഴേയ്ക്ക് ഇറങ്ങാന്‍ വല്യ താമസം.

മൂപ്പിന്നു കാത്തുനിന്നു മടുത്തപ്പോള്‍ ബോറടിമാറ്റാന്‍ തേങ്ങാക്കുല, പൂക്കുല പിന്നെ തെങ്ങുമായ് യാതൊരു ബന്ധവുമില്ലാത്ത കുല ഒക്കെ നോക്കിനേരം കളയുന്നു...

അവസാനം ജോണിച്ചോന്‍ കള്ളുമായ് താഴേയ്ക്ക് ഇറങ്ങിവരുന്നു. (നാട്ടുകവലയില്‍ ചെത്തുകാര്‍ക്ക് ക്ഷാമമുണ്ടായ ഒരു കാലഘട്ടത്തില്‍ ഭാസ്കരന്‍മൂത്തോന്‍ ചില നസ്രാണികളെ ചെത്തുപഠിപ്പിച്ച് രംഗത്തിറക്കി...കള്ളില്‍ വെള്ളം ചേര്‍ത്താലും കുലത്തൊഴിലില്‍ വെള്ളം ചേര്‍ക്കരുതെന്നും പറഞ്ഞ് ചില മാമൂല്‍‌പ്രേമികള്‍ പ്രശനമുണ്ടാക്കിയെങ്കിലും ജോണി സാമുവലിനെ ജോണിച്ചോന്‍ എന്നുവിളിച്ച് പ്രശനം അവസാനിപ്പിച്ചു.)


"ഒരു ലിറ്റര്‍ ഹിന്ദി ഭൂഷന്‍ വേണാര്‍ന്നു..." മൂപ്പിന്നു ജോണിച്ചോനോട്...

"ന്റെ പണികളയാനാ കാര്‍ന്നോരു രാവിലെ കൊഴപ്പാട്ടയുമായ് ഇറങ്ങിയേക്കുന്നെ.... ഷാപ്പിലുവന്ന് വാങ്ങിയാ മതി.. തെങ്ങിന്റെ ചോട്ടിലെ കച്ചോടം നിര്‍ത്തീട്ടു കാലമെത്രയായ്..." ജോണിച്ചോന്‍ മൂപ്പീന്നിനോട് ദേഷ്യപ്പെട്ടു.
കള്ളുകൊടുത്തോ...കൊടുത്തില്ലയോ എന്നത് നമുക്ക് വിഷയമല്ല. നാട്ടുകവലയില്‍ ഒരു കാലത്ത് ശുദ്ധമായ തെങ്ങുംകള്ളിനു ഹിന്ദി ഭൂഷന്‍ എന്ന പേരു വരാനുണ്ടായ കഥയ്ക്കാണു പ്രാധാന്യം.

ഞാന്‍ പത്താം ക്ലാസിലെ ഒടുക്കത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയം. മോഡല്‍ പരീക്ഷകഴിഞ്ഞപ്പോള്‍ മൊത്തം മാര്‍ക്ക് എടുത്താല്‍ പൊങ്ങാത്തോണം കിട്ടിയെങ്കിലും രാഷ്ട്രഭാഷയ്ക്ക് മിനിമം വേണ്ട പത്തുമാര്‍ക്കിന്റെ നാലിലൊന്നുപോലുമില്ല...

അക്കാലത്ത് എനിക്ക് ആകെയുണ്ടായിരുന്ന ഹിന്ദി പരിജ്ഞാനം 'ദൈനേമൂഡ്' എന്ന് പറഞ്ഞാല്‍ വലത്തോട്ട് തിരിഞ്ഞ് കാലുപൊക്കി നിലത്തടിക്കണമെന്നും 'ബായേമൂഡെന്നു' പറഞ്ഞാല്‍ ഇടത്തോട്ട് തിരിഞ്ഞ് കാലുപൊക്കി നിലത്തടിക്കണമെന്നും മാത്രമായിരുന്നു. അതും ഒരുപാട് ബോണ്ടകള്‍ തന്ന് എന്‍.സി.സി. ആപ്പീസര്‍ രാജപ്പന്‍ സാര്‍ പഠിപ്പിച്ചതും.

ഹിന്ദി എങ്ങനേലും ഒപ്പിച്ചെടുക്കണമല്ലോ എന്നു കരുതി പട്ടാളം അപ്പച്ചനോട് ഒരു ഹെല്പ്പ് ചോദിച്ചിട്ട്, അഞ്ചാറുവര്‍ഷം സ്കൂളില്‍ പോയിട്ട് പഠിക്കാത്തവനെ അഞ്ചാറു ദിവസം കൊണ്ടു പഠിപ്പിക്കാന്‍ ഒരു വിമുക്ത ഭടനും സാധിക്കില്ല എന്ന മറുപടിയാണ് കിട്ടിയത്.

പരീക്ഷയുടെ തലേദിവസം പറമ്പില്‍ വാഴയ്ക്ക് തടമെടുത്തുകൊണ്ടിരുന്ന അപ്പച്ചനെ സഹായിക്കാന്‍ എടുത്താ പൊങ്ങാത്ത തൂമ്പയും ഏറ്റിക്കൊണ്ട് ചെന്ന ഞാന്‍, പറമ്പില്‍ കിളച്ചാണേലും ഞാന്‍ ജീവിച്ചോളാമേന്ന് എല്ലാവരോടും പറയാതെ പറയാനുള്ള ശ്രമത്തിലായിരുന്നു.

പരീക്ഷ തുടങ്ങി.... ആദ്യ രണ്ടുദിവസം തരക്കേടില്ലാതെ പോയ്. മൂന്നാം ദിവസമാണ് ഹിന്ദിപ്പരീക്ഷ. ഉത്തര കടലാസിലേയ്ക്ക് ചോദ്യങ്ങള്‍ നമ്പറുമാറ്റിയെഴുതിവച്ചാലൊന്നും ഫൈനല്‍ എക്സാംപാസാകൂലാ...എന്നുള്ള റാഫിയ ടീച്ചറിന്റെ പരിഹാസം ഓര്‍മമയില്‍ തികട്ടിവന്നപ്പോള്‍ അവശേഷിച്ച ധൈര്യവും നഷടമായ്.

സ്കൂളിലേയ്ക്ക് പോണവഴിക്ക് അപ്പച്ചനും കൂടെവന്നു..... ഈ മൊതലെങ്ങാനും ഒളിച്ചുപോയാല്‍ അതിന്റെ പിറകെ ചുറ്റിത്തിരിയാന്‍ വേറെയാരുമില്ലല്ലോ. മെയിന്‍ റോഡിലേയ്ക്ക് കടക്കണതിനു തൊട്ടുമുമ്പുള്ള വളവുതിരിഞ്ഞപ്പോള്‍ ചുള്ളന്‍ നായരുടെ തെങ്ങില്‍നിന്നും ചെത്തിയിറങ്ങുന്നു ജോണിച്ചോന്‍...

അപ്പച്ചന്‍ എന്റെ കൈയ്യില്പിടിച്ച് തെങ്ങിന്‍ ചോട്ടിലോട്ട് നടന്നു. താഴെ വീണുകിടന്ന ഒരു പാളയെടുത്ത് കുമ്പിളുണ്ടാക്കി... ജോണിച്ചോന്‍ നുരചിതറുന്ന കള്ള് പകര്‍ന്നു. ഈച്ചകളെയും പ്രാണികളെയും കരയ്ക്ക് കയറ്റിയിട്ട് അപ്പച്ചന്‍ കള്ളെനിക്കു നീട്ടി...

കുടിക്കെടാ....

ഗ്ലും..ഗ്ലും...

ഞാന്‍ കുടിച്ചു...ഒരു കാര്യം രണ്ടുപ്രാവശ്യം പറയനുള്ള ഗതികേട് ഞാനായിട്ടപ്പച്ചനു വരുത്തൂല.

" ഇന്നത്തെ പരീക്ഷയ്ക്ക് പാസാകണമെങ്കില്‍ എത്ര മാര്‍ക്ക് വേണോടാ?" അപ്പച്ചന്‍ ചോദിച്ചു..

"പത്ത് മാര്‍ക്ക് " ഞാന്‍..

" ഒന്നോടെ ഒഴിക്ക് ജോണീ..." അപ്പച്ചന്‍ പറഞ്ഞു...

ജോണി ഒഴിച്ചു... ഇപ്രാവശ്യം ഈച്ചയെ ഞാന്‍ തന്നെ എടുത്തുകളഞ്ഞു...എപ്പോഴും അപ്പച്ചനെതന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ...

ഗ്ലും...ഗ്ലും...

"പരീക്ഷ എത്ര മണിക്കാ തുടങ്ങുന്നത്?...." അപ്പച്ചന്‍ ചോദിച്ചു...

"പത്തുമണിക്ക് തൊടങ്ങും..." ഞാന്‍

"ഭാഗ്യം ... പന്ത്രണ്ടുമണിക്കാ തുടഞ്ഞുന്നതെങ്കില്‍ ചിലപ്പോള്‍ മിനിമം പന്ത്രണ്ട് മാര്‍ക്ക് വേണ്ടിവന്നേനെ..... ന്നാ സമയം കളയേണ്ട ഓടിക്കോ.." അപ്പച്ചനെന്നെ യാത്രയാക്കി...

തലയ്ക്ക് ഒരു പെരുപ്പുപോലെ തോന്നിത്തുടങ്ങ്ങി. അപ്പച്ചന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചിട്ടെ തെങ്കള്ള് എന്നെ പോകാനനുവദിച്ചൊള്ളു. പോയ വഴിക്ക് ഭൂമിദേവിയെയും പലപ്രാവശ്യം തൊട്ടുവണങ്ങി.

ആ വര്‍ഷം ഞാന്‍ പത്താംതരം നല്ലനിലയില്‍ പാസായ്... ഹിന്ദിക്ക് പത്തിനു പകരം ഇരുപതുമാര്‍ക്കും കിട്ടി.

" അപ്പച്ചാ ആ കള്ള് രണ്ട്കുമ്പിളില്‍ നിറുത്താതെ മൂന്നാമതും തന്നിരുന്നെങ്കില്‍ ഞാന്‍ മുപ്പതുമാര്‍ക്ക് ഒപ്പിച്ചേനെ.." ആഘോക്ഷത്തിനിടയില്‍ ഞാന്‍ പറഞ്ഞു.

"ഹിന്ദിപ്പരീക്ഷയല്ലേന്നോര്‍ത്താ ഞാന്‍ രണ്ടില്‍ നിറുത്തിയത്....മൂന്നു തന്നേരുന്നേല്‍ നീ എഴുതികഴിഞ്ഞിട്ട് അക്ഷരത്ത്തിനു മുകളിലൂടെ വരയ്ക്കേണ്ട വര നടുക്കോടെ വരച്ചാലുള്ള കാര്യമോര്‍ത്തുനോക്കിയേ......" അപ്പച്ചന്‍ പറഞ്ഞതും ചെയ്തതും എല്ലാം ശരിയായിരുന്നു...

അന്നുതൊട്ടാണ് നാട്ടുകവലയില്‍ തെങ്കള്ളിനു ഹിന്ദി ഭൂഷന്‍ എന്നു പേരുണ്ടായത്.ഇനി എസ്ത്! എസ്ത്!! എസ്ത്!!! എന്ന വീഞ്ഞിന്റെ കഥപറയാം.


റോമിനോട് വളരെ അടുത്തുകിടക്കുന്ന ഒരു ചെറിയ പട്ടണമാണ് വിത്തര്‍ബോ. വിത്തര്‍ബോയിലെ മോന്തെഫ്യാസ്കോനെ എന്ന കൊച്ചു ഗ്രാമത്തില്‍നിന്നാണ് ലോക പ്രസിദ്ധമായ എസ്ത്! എസ്ത്!! എസ്ത്!!! വീഞ്ഞിന്റെ ഉത്ഭവം.

ആയിരത്തി ഒരുനൂറ്റി പതിനൊന്നിലാണ് സംഭവം നടക്കുന്നത്. സര്‍വ്വശൈര്യ പ്രതാപത്തോടെ മാര്‍പ്പാപ്പമാര്‍ റോമാനഗരത്തില്‍ വാഴുന്ന കാലമാണ്. ജര്‍മ്മനിയില്‍നിന്നും രാജാവ് ഹെണ്ട്രി നാലാമന്‍, മാര്‍പ്പാപ്പയെ കണ്ട് ഭരണപരമായ ചില കാര്യങ്ങള്‍ തീരുമാനിക്കാന്‍ റോമിനു പുറപ്പെട്ടു. മാര്‍പ്പാപ്പയെ കണ്ടു കാര്യങ്ങള്‍ പറയാന്‍ ഒരു മെത്രാന്‍ കൂടെയുള്ളതു നല്ലതാണല്ലോയെന്നു കരുതി ജോഹാന്നസ് ഡെഫാക് എന്ന ഒരു മെത്രാപ്പോലീത്തയേയും സംഘത്തില്‍ ചേര്‍ത്തിരുന്നു.

ഡെഫാക് മെത്രാപ്പോലീത്തയ്ക്ക് വീഞ്ഞുകുടി ഒരു ഹരമായിരുന്നു. ഇറ്റലിയിലെ ഗ്രാമങ്ങളില്‍ നിന്നും വിവിധ തരം നല്ല വീഞ്ഞു വീശാമെന്ന ഒറ്റക്കാരണത്താലാണ് പുള്ളിക്കാരന്‍ ഈ യാത്രയ്ക്ക് ചാടി പുറപ്പെട്ടതുതന്നെ.

യാത്രാ സംഘം ഓരോ ഗ്രാമത്തില്‍ പ്രവേശിക്കുമ്പോഴും മെത്രാന്‍ വീഞ്ഞുകടയില്‍ കയറി അടിതുടങ്ങി. ഇക്കണക്കിനു പോയാല്‍ പോപ്പ് തിരുമേനിയുടെ അരമനയിലേക്ക് മെത്രാനച്ചനെ എടുത്ത് കൊണ്ട് പോകേന്ണ്ടി വരും എന്ന് മനസിലായപ്പോള്‍ രാജാവ് ഇടപെട്ടു.

മാര്‍പ്പാപ്പയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു മടങ്ങുന്നതു വരെ ഇനി ഒരു സ്മാളുപോലും വീശിപ്പോകരുതെന്ന് ഹെണ്ട്രി നാലാമന്‍ രാജാവ് മെത്രാനച്ചനു താക്കീതുകൊടുത്തു. രണ്ടെണ്ണം വീശാതെ തനിക്ക് പോപ്പിനോട് സംസാരിക്കാനുള്ള ധൈര്യം കിട്ടില്ലാന്ന് മെത്രാനും...

അവസാനം ഒത്തുതീര്‍പ്പായതിങ്ങനെയായിരുന്നു. വഴിനീളെകാണുന്ന എല്ലാ ഷാപ്പിലും കയറിയുള്ള കുടിവേണ്ട. ഇടയ്ക്ക് ചെറിയ സ്മോളുകള്‍ കഴിക്കാം ഓവറാകരുത്.


മെത്രാന്‍ തന്റെ വേലക്കാരനെ രഹസ്യമായ് അടുത്ത് വിളിച്ച് ഇപ്രകാരം പറഞ്ഞു...

"എനിക്ക് വെള്ളംകുടിക്ക് നിയന്ത്രണം വച്ചത് കണ്ടോ?... ഇനി ഞാനെങ്ങിനെ നല്ല വീഞ്ഞുകള്‍ കുടിക്കും... നീ ഒരു കാര്യം ചെയ്യ്.... ഇത്തിരി വേഗം വിട്ടോ. വഴിയില്‍ കാണുന്ന എല്ലാ വീഞ്ഞ് കടയിലും കയറി കുടിച്ചുനോക്കിയിട്ട് ഒന്നാന്തരം വീഞ്ഞുകിട്ടുന്ന കടയുടെ വാതില്‍ക്കല്‍ "എസ്ത്! " എന്ന് എഴുതിയിടണം... അതു കാണുമ്പോള്‍ ഞാന്‍ അവിടെ കയറി ഒരെണ്ണം വീശിക്കോളാം...അപ്പോള്‍ എല്ലാ ഷാപ്പിലും കയറിയെന്ന പരാതി ഒഴിവാക്കാമല്ലോ.."

വേലക്കാരന്‍ മുമ്പേ ഓടി, ഷാപ്പായ ഷാപ്പെല്ലാം കയറി വീഞ്ഞുകുടിച്ചു...ചിലതൊന്നും അത്ര നന്നായ് തോന്നിയില്ല. നന്നായ് തോന്നിയിടത്ത് എസ്ത്! വരച്ചു....

സംഘം റോമിനോട് അടുത്തുള്ള വിത്തര്‍ബോയിലെ മോന്തെഫ്യാസ്കോനെ ഗ്രാമത്തില്‍ എത്തിയപ്പോള്‍ മെത്രാപ്പോലീത്ത ഒരു ഷാപ്പിന്റെ വാതില്‍ക്കല്‍ എസ്ത്! എസ്ത്!! എസ്ത്!!! എന്നെഴുതിയിരിക്കുന്നതു കണ്ടു.
അവിടെ കയറി ഒരുഗ്രാസ് വീഞ്ഞ് അടിച്ചപ്പോള്‍ കാര്യം മനസിലായ്.... അത്യുഗ്രന്‍ വീഞ്ഞ്...വേലക്കാരന്റെ ബുദ്ധിയില്‍ മെത്രാനു മതിപ്പുതോന്നി... ആ വീഞ്ഞിനെ വിശേഷിപ്പിക്കാന്‍ ഒരു എസ്ത്! മതിയാകില്ലായിരുന്നു.....

മാര്‍പ്പാപ്പയെ കണ്ട് കാര്യം നടത്തി സംഘം മടങ്ങി. മോന്തെഫ്യാസ്കോനെ ഗ്രാമത്തിലെത്തിയപ്പോള്‍ മെത്രാനച്ചന്‍ പറഞ്ഞു. നിങ്ങളു വിട്ടോ...ഞാന്‍ കുറച്ചുകാലം ഇവിടെ താമസിച്ചിട്ടെ വരുന്നൊള്ളു.

ആ ഗ്രാമത്തിലെ വീഞ്ഞ് കുടിക്കാന്‍ മാത്രമായിരുന്നു ജോഹാന്നസ് ഡെഫാക് മെത്രാപ്പോലീത്ത അവിടെ തങ്ങിയത്. ആവശ്യം പോലെ കുടിച്ചു. അവിടെത്തന്നെ മരിച്ചു. അവിടെത്തന്നെ അടക്കംചെയ്തു. കല്ലറയില്‍ ഈ ചരിത്രമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാവര്‍ഷവും മെത്രാച്ചന്റെ ഫീസ്റ്റിനു ഒരു വലിയ വീപ്പ വീഞ്ഞ് ശവകുടീരത്തിനു മുകളില്‍ ഒഴിക്കുന്ന ചടങ്ങ് ഇന്നും ഇവിടെ തുടരുന്നു.

ആ വീഞ്ഞാണ് ലോക പ്രസിദ്ധമായ "എസ്ത്! എസ്ത്!! എസ്ത്!!! " .


(വൈറ്റ് ഡ്രൈ വൈനാണ്... എവിടേലും കിട്ടിയാല്‍ വിടരുത് അടിച്ചോണം.... )