Thursday 31 May 2007

'സ്പഗേത്തി കോണ്‍ വോംഗൊളെ'


കല്ലാറുകൂട്ടിപ്പുഴയില്‍നിന്നും മീന്‍പിടിച്ചു കൂട്ടാന്‍ വച്ചാല്‍ അതിനൊരു പ്രത്യേക ടേസ്റ്റാണ്. ഈ മീനിമ്മെപ്പിടിച്ചാണ് പുഴയുടെകരയിലുള്ള മൂന്നു പാവം കള്ളുഷാപ്പുകള്‍ ജീവിച്ചുപോകുന്നതുതന്നെ.

മഹാ അഭ്യാസികളായ ഈ പുഴയിലെ മീനുകളെ പിടിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. ഡാം അടുത്തുള്ളതിനാല്‍ തോട്ടപൊട്ടിച്ചുമീന്‍പിടിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട...ഡാമെങ്ങാനും പൊട്ടിപ്പോയാന്‍ അന്നത്തോടെ മീന്‍പിടുത്തത്തിന്റെ കോളുതീരും.

വലവീശിപ്പിടിക്കാന്നുവച്ചാല്‍ കല്ലാറുകുട്ടിയിലോ പരിസരത്തോ അക്കാലത്ത് നല്ല വീശുകാരില്ല. പാറയ്ക്കല്‍ ജോസുചേട്ടന്‍ ഒരുമാതിരിനന്നായ് വീശും പക്ഷേ വലയല്ല. ആണിക്കാലന്‍ സൈനുദ്ധീന്‍ഇക്കാ വലവീശാന്‍ മിടുക്കനാരുന്നു പക്ഷേ ഇപ്പോള്‍ വെള്ളത്തില്‍ ഇറങ്ങില്ല; കാലിലെ ആണി നനഞ്ഞാല്‍ തുരുമ്പുപിടിച്ച് സെപ്റ്റിക് ആകുമെന്ന ഭയം. വാഴപ്പാറ വര്‍ക്കി ഒരിക്കല്‍ പുഴയുടെ നടുക്ക് വള്ളത്തില്‍ നിന്നൊന്ന് വലവീശിനോക്കിയിട്ട് വല വള്ളത്തിലും വര്‍ക്കി വെള്ളത്തിലും കിടന്നു.

അപൂര്‍വ്വം ചില സമയങ്ങളില്‍മാത്രം ചില പ്രത്യേകയിനം മീനുകള്‍ വാലുമ്മെ വാലുമ്മെപിടിച്ച് മത്സ്യചങ്ങലയായ് കരയിലോട്ട് കയറിവരുന്നതൊഴിച്ചാല്‍ പുഴമീന്‍ കിട്ടെണമെങ്കില്‍ ആവശ്യക്കാര്‍ ചൂണ്ടയുമായ് പുഴയിലേക്ക് ചെല്ലേണ്ട ഗതികേട് കല്ലാറുകൂട്ടിയുടെ ശാപമായിരുന്നു.
പുഴയുടെ കരയില്‍ നേരം വെളുക്കുമ്പോള്‍മുതല്‍ അസ്തമിക്കുന്നതുവരെ ബീഡിയും വലിച്ച് കുത്തിയിരിക്കുന്നവരുടെ നീണ്ട നിരതന്നെ കാണാം. അവര്‍ കുളിസീന്‍ കാണാനിരിക്കുന്ന വായീനോക്കി ആഭാസാലവലാതിയെമ്പോക്കികളല്ല പിന്നെയോ ഗാര്‍ഹീകാവശ്യത്തിനും കള്ളുഷാപ്പീകാവശ്യത്തിനുമായ് മീന്‍പിടിക്കാനിരിക്കുന്ന ചൂണ്ടക്കാരാണ്.

പുഴമീന്‍ വളരെ രുചികരമായ് വറുത്തതും പറ്റിച്ചതും പാലുപിഴിഞ്ഞതും ഒക്കെകഴിച്ചു മര്യാദയ്ക്ക് നടക്കേണ്ട എന്റെ കൊച്ചുചെറുപ്പാങ്കാലത്ത് ഞാനെന്തിനു മീന്‍പിടുത്തം കാണാന്‍പോയി?....എനിക്കതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?
വാഴച്ചാലികുഞ്ഞേട്ടനെന്ന (എന്റെ അമ്മാവന്‍) പ്രസിദ്ധനായ ചൂണ്ടക്കാരനോടൊപ്പമാണ് ഞാന്‍ മീന്‍പിടുത്തത്തിനു പുറപ്പെട്ടത്. ചേമ്പിലയില്‍ പൊതിഞ്ഞ വളരെ മാര്‍ദവമുള്ള ഒരു സംഗതി എന്നെ ഏല്പ്പിച്ചിട്ട്, "ചൂണ്ടയില്‍ കോര്‍ക്കാനുള്ള ഇരയാണ് കളയാതെ സൂക്ഷിച്ച് കൊണ്ടുവരണം" എന്നും പറഞ്ഞ് ഏറുചൂണ്ടകളും പൊങ്ങുചൂണ്ടകളും തോളത്ത് വച്ച് സീതാ സ്വയമ്പരത്തിനു വില്ലുകുല പ്രാക്ടീസിനുപോകുന്ന മുക്കുവ രാജകുമാരനെപ്പോലെ അമ്മാവന്‍ മുമ്പിലും ഞാന്‍ പിമ്പിലുമായ് പുഴയോരത്തെയ്ക്ക് നടന്നു.

എനിക്കാ പൊതി തുറന്നുനോക്കേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ?... കര്‍ഷകമിത്രം, മണ്ണിര എന്നൊക്കെ അറിയപ്പെടുന്ന സാക്ഷാല്‍ ഞാഞ്ഞൂളായിരുന്നു അതിനകത്ത്. ജീവനുള്ള ഒരു ഇടിയപ്പം പോലെ അവരെന്റെ ഉള്ളങ്കയില്‍ കെട്ടിമറിഞ്ഞകാര്യം ഓര്‍ക്കുമ്പോളെ ഒരരിവാള്‍ എന്റെ അടിവയറ്റില്‍നിന്നു കയറിവരും. അന്നാ സ്‌ലിംബ്യൂട്ടികളെ പുഴയില്‍ വലിച്ചെറിഞ്ഞിട്ടോടിയഞാന്‍ അമ്മാവനെ വര്‍ഷങ്ങളോളം ഒളിച്ചുനടക്കുകയുണ്ടായ്.

ഈ സംഭവത്തിനു ശേഷം എനിക്ക് പുഴമീന്‍ കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിക്കാന്‍ പോയിട്ട് കാണുമ്പോള്‍തന്നെ ഞാഞ്ഞൂളിനെ ഓര്‍മ്മവരുകയും, അടിവയറ്റിനിന്ന് പഴയഅരിവാള്‍ തലനിവര്‍ത്തി കൊടുവാളായ് പുറത്തുവരാന്‍ ശ്രമിക്കുകയും ചെയ്യും. പുഴമീന്‍ മാത്രമല്ല ഇടിയപ്പം, സേമിയ പായസം, മാഗ്ഗി നൂഡില്‍സ് തുടങ്ങിയ ഞാഞ്ഞൂളിന്റെ തറവാട്ടിപ്പിറന്ന ഒരാഹാരസാധനങ്ങളും എനിക്ക് രുചിച്ച് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ഏറ്റവും വലിയ കഷ്ടമായത് ഇറ്റലിയില്‍ വന്ന ശേഷമാണ്. സ്പഗേത്തി (spaghetti) ഇറ്റാലിയന്‍ പാസ്ത കളില്‍ നമ്പര്‍‌വണ്‍ - അതോ ഞാഞ്ഞൂളിന്റെ തനിസ്വരൂപത്തിലും. വേറെ എന്തൊക്കെ ഉപേക്ഷിക്കേണ്ടി വന്നാലും 'സ്പഗേത്തി കോണ്‍ വോംഗൊളെ' ഉപേക്ഷിക്കില്ല എന്ന് ഞങ്ങളുടെ ചീഫ് ഷെഫ് ആണയിട്ടു പറഞ്ഞപ്പോള്‍ പതിയെ പതിയെ ഞാനും ഞാഞ്ഞൂളുകളുമായ് ധാരണയിലായ്.

ഇന്ന് ഞാന്‍ ഞാഞ്ഞൂളുകളുടെ ആരാധകനാണ്. വര്‍ഷങ്ങളായ് അകല്‍ചയില്‍ കഴിഞ്ഞിരുന്ന ഞങ്ങളെത്തമ്മില്‍ അടുപ്പിക്കാന്‍ കാരണമായത് 'സ്പഗേത്തി കോണ്‍ വോംഗൊളെ' ആണെന്ന് ഏതു കോടതിയില്‍ വന്നു സാക്ഷിപറയാനും എനിക്ക് മടിയില്ല ....

താല്പര്യമുള്ളവരുണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കു...

'സ്പഗേത്തി കോണ്‍ വോംഗൊളെ'
('സ്പഗേത്തി കക്കയിറച്ചിയിട്ട് ഉണ്ടാക്കുന്നു അത്രേയുള്ളു...)
ആവശ്യമുള്ള സാധനങ്ങള്‍.
സ്പഗേത്തി - 300 ഗ്രാം
കക്ക - 500 ഗ്രാം
വെളുത്തുള്ളി - രണ്ട് അല്ലി
ഒലിവെണ്ണ - നാലു സ്പൂണ്
‍മല്ലിയില - ഒരു പിടി
ഉപ്പ് -
കല്ലുപ്പ് ഒരു പിടി-
പൊടിയുപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - ഒരു നുള്ള്

പാചകം ചെയ്യുന്ന രീതി
ഒരു ഗ്രാസ് വെള്ളം നന്നായ് തിളപ്പിച്ച് അതില്‍ കല്ലുപ്പ് അലിയിച്ചെടുക്കുക. ഒരു പാത്രത്തില്‍ മൂന്നു ലിറ്റര്‍ തണുത്ത വെള്ളം എടുത്ത് ഉപ്പ് ലായനി അതില്‍ മിക്സ്ചെയ്തതിനു ശേഷം തൊണ്ടോടുകൂടിയ കക്ക മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ മുക്കിയിടുക. (കക്കയുടെ ഉള്ളിലുള്ള മണലു പുറത്തു പോകാനാണ് ഇങ്ങനെ ചെയ്യുന്നത്... മണലെല്ലാം കോണ്ട്രാക്ടര്‍ നേരത്തെ വാരിയെടുത്തിരുന്നു എന്ന് ഉറപ്പുള്ളിടത്തുനിന്നാണ് കക്ക വാരിയതെങ്കില്‍ ഈ പണിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല)

ഒരു കുഴിയുള്ള ചട്ടി ( എന്താണതിനെ പറയുന്നത് കഡായി?...കഠാരി?...) അടുപ്പില്‍ വച്ച് ചൂടാക്കിയതിനു ശേഷം മണല്‍ അണ്‍ലോഡ് ചെയ്ത കക്കയെ ചട്ടിയിലിട്ട് ചൂടാക്കുക. നല്ല ചൂട് കിട്ടുമ്പോള്‍ കക്കകള്‍ ചിരിക്കാന്‍ തുടങ്ങും ..വായ് തുറന്നു ചിരിച്ചു കിടക്കുന്ന കക്കകളെ തിരിച്ചെടുത്ത് നാക്ക് പിഴുതെടുക്കുക. കുറേ സമയത്തിനുള്ളില്‍ തുറക്കാനുള്ളവര്‍ തുറന്നിരിക്കും. ഇനിയും തുറക്കാതെ മസിലുപിടിച്ചു കിടക്കുന്നവരെ നമുക്ക് പാചകത്തിനു കൂട്ടരുത് ... അവമ്മാരെ ഉപേക്ഷിച്ചേക്കുക.
കക്കയില്‍ നിന്നും മീറ്റെടുക്കാതെ കുറച്ച് സൂക്ഷിച്ചാല്‍ ചിത്രത്തില്‍ കാണുന്നപോലെ പാസ്തയെ അലങ്കരിക്കാം.
കക്ക ചൂടാക്കിയചട്ടിയില്‍ കുറേ വെള്ളം അവശേഷിക്കുന്നുണ്ടാകും ഇത് വളരെ അത്യാവശ്യമുള്ള താണ് കളഞ്ഞിട്ട് പാത്രം കഴുകി കമഴ്ത്താന്‍ തിടുക്കം കാട്ടരുത്. ഈ വെള്ളം കണ്ണടുപ്പമുള്ള അരിപ്പയില്‍ അരിച്ചെടുക്കണം... മണലിന്റെ ചെറു തരികള്‍ അവിടേയും കാണാനുള്ള സാധ്യത‌യുണ്ട്.

ഒരു കലത്തില്‍ വെള്ളം നന്നായ് തിളപ്പിച്ച് അതില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് സ്പഗേത്തി പുഴുങ്ങിയെടുക്കുക. വേവ് അലപം കുറ്ച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സ്പഗേത്തി പുഴുങ്ങുന്നതിനിടയില്‍ ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് വറുക്കണം. ബ്രൗണ്‍നിറമാകുമ്പോള്‍ എടുത്ത് കളഞ്ഞിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന മീറ്റ് ഇട്ട് ഏതാനും മിനിറ്റ് ഇളക്കി കൊടുക്കണം. അരിച്ചുവെച്ചിരിക്കുന്ന വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടുമിനിറ്റ് വേവിച്ചിട്ട് മല്ലിയില ചേര്‍ക്കണം....അയ്യോ...മല്ലിയില പൊടിയായ് കൊത്തിയരിഞ്ഞെടുക്കണമായിരുന്നു... പെട്ടന്ന് മല്ലിയില പൊടിയായ് അരിഞ്ഞെടുത്ത് ചേര്‍ത്തിളക്കുക.
അല്പം വേവുകുറച്ചെടുത്ത സ്പഗേത്തി വെള്ളം ചോര്‍ത്തിക്കളഞ്ഞ് തയ്യാറാക്കിയ മിക്സില്‍ ഇട്ട് തീ കെടുത്താതെ തന്നെ ഇളക്കി യോജിപ്പിക്കുക. കുരുമുളകുപൊടിയും ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്നതുപോലെ അലങ്കരിച്ച് എവിടെയെങ്കിലും വയ്ക്കുക.
തണുത്ത വൈറ്റ് വൈനോ, സ്ട്രോഗ് ബിയറോ കൂടെയുണ്ടെങ്കില്‍ നല്ല കോമ്പിനേഷനായിരിക്കും

(നാലാള്‍ക്കുള്ള ഇരയാണിത്....ആളുടെ എണ്ണത്തിനനുസരിച്ച് അളവിലും മാറ്റം വരുത്തുമല്ലോ)
(ചിത്രം ഇന്റ്ര്‍നെറ്റില്‍നിന്നും
കക്ക ഫിഷിംഗ് നെറ്റില്‍നിന്നും
സ്പഗേത്തി മാര്‍ക്കറ്റില്‍നിന്നും)

Wednesday 30 May 2007

അന്നും ഇന്നും

അന്ന്



പൂവ് ചൂടണമെന്നുപറഞ്ഞപ്പോ
‍പൂമരം കൊണ്ടുത്തന്നവനാ



ഇന്ന്

മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോള്‍
മുന്നില്‍ കുഴിവെട്ടിത്തന്നവനാ