Wednesday 14 March 2007

പിക്സ (പിസ) മാര്‍ഗരീത്ത




പിക്സ (പിസ) മാര്‍ഗരീത്ത
(സുന്ദരന്‍ പെയിന്റ്‌ബ്രഷില്‍ ഉണ്ടാക്കിയെടുത്തത്‌)
_______________________________

തങ്കപ്പന്‍ ആശാരി മരപ്പണിയില്‍ കെങ്കേമന്‍...
ന്യായമായ പണികൂലിയും തൊഴിലില്‍ വെള്ളം ചേര്‍ക്കാത്ത പ്രകൃതവും...

എങ്കിലും മൂപ്പരെ പണിക്കുവിളിക്കാന്‍ ആളുകള്‍ക്കു മടിയായിരുന്ന ഒരു കാലമുണ്ടായിരുന്നു....
എന്തു ഭക്ഷണം വച്ചുവിളമ്പിക്കൊടുത്താലും ഇഷ്ടമാവില്ല ...വെജ്‌ കൊടുത്താലും നോണ്‍വെജ്‌ കൊടുത്താലും കുറ്റംപറയും...എത്ര നല്ല പ്രൊഫഷണല്‍ കുക്ക്‌ കറികള്‍ വച്ചുവിളമ്പിയാലും ഇഷ്ടപ്പെടില്ല...

"ഇതൊന്നും എന്റെ വീട്ടില്‍ ഭാര്യ തരുന്ന കറിയോളം പറ്റില്ല" എന്നാണു ഭാഷ്യം...

ഈ കലാകാരനു ഭാര്യ വീട്ടില്‍ എന്താണു വച്ചുവിളമ്പുന്നതെ എന്നറിയാനുള്ള ആഗ്രഹത്തില്‍ ചിലര്‍ രാത്രിയില്‍ തങ്കപ്പനാശാരിയുടെ അത്താഴപൂജ കാണാന്‍ ഒളിച്ചും പാത്തും ചെല്ലുകയുണ്ടായി..

അടുക്കളയില്‍ നിലത്തു പടിഞ്ഞിരിക്കുന്ന ആശാരിയുടെ മുമ്പില്‍ ഭാര്യ ചൂടന്‍ കഞ്ഞി ഒരു വലിയ പാത്രത്തില്‍ വിളമ്പിവച്ചു.... തൊട്ടുകൂട്ടാന്‍ കാന്താരിമുളകും ഉപ്പും കൂട്ടിയരച്ചതില്‍ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചതും....


അടുത്ത ദിവസം ആശാരിയെ പണിക്കുവിളിച്ചവര്‍ കഞ്ഞിയും മുളകരച്ചതും വിളമ്പിയപ്പോള്‍ ...

" ആഹാ...ഇപ്പോള്‍ എന്റെ വീട്ടിലേപ്പോലെ രുചികരം പ്രിയകരം ആനന്ദകരം" എന്നാണു തങ്കപ്പന്‍ ആശാരി പറഞ്ഞത്‌..


(എവിടെയോ പറഞ്ഞുകേട്ടകഥ...കോപ്പി റൈറ്റ്‌ ഇഷ്ടമുള്ളോരെടുത്തോ..)
___________________________________________


പണ്ട്‌ പണ്ട്‌ ഇറ്റലിയിലെ നേപ്പിള്‍സിലെ മാര്‍ഗരീത്ത രാജ്ഞിക്കും ഇതുപോലെ ഒരു സ്വഭാവമുണ്ടായിരുന്നതായി ചരിത്രം പറയുന്നു...രാജ്യത്തുള്ള ഏതു ബേക്കറിയില്‍നിന്നും വളരെ ആര്‍ഭാടമായ്‌ ഉണ്ടാക്കിയ പിക്സ (പിസ) കൊണ്ടുവന്നാലും കുറ്റം പറയും...

പിക്സ തിന്നുകയും വേണം ഒന്നും ഇഷ്ടപ്പെടുന്നുമില്ല...

അങ്ങിനെയിരിക്കെ ഒരു പാവത്താന്‍ ബേക്കറിക്കാരന്‍ വളരെ ലളിതമായ ഒരു പിക്സ ഉണ്ടാക്കി കൊട്ടാരത്തില്‍ രാജ്ഞിയെ മുഖം കാണിക്കാനെത്തി... എല്ലാവരും ആ പാവത്തിനെ പരിഹസിച്ചു...

"ഉം..ഉം...ചെല്ല് ചെല്ല്...ഇതിലും വല്യ മഴപെയ്തിട്ട്‌ ഈ തള്ള കൊടപിടിച്ചിട്ടില്ല പിന്നെയാ ഇത്‌..."

പക്ഷെ പിക്സ രുചിച്ചുനോക്കിയ രാജ്ഞി തങ്കപ്പന്‍ ആശാരി പറഞ്ഞപോലെ..


" ദേ ..ഇപ്പോളാണെനിക്കു മനസ്സീ പിടിച്ച പിക്സ കിട്ടിയത്‌" എന്നു പറഞ്ഞു...

പിക്സകളിലെ രാജ്ഞി (രാജാവ്‌) ആയി ഇന്നറിയപ്പെടുന്ന "പിക്സ മാര്‍ഗരീത്ത" യുടെ ഉത്ഭവം അങ്ങിനെ ആയിരുന്നു....വളരെ ലളിതവും എന്നാല്‍ രാജകീയവുമായ ആ പിക്സയുടെ നിര്‍മ്മാണം ഇങ്ങനെയും ആവാം
(റസിപ്പി ഹോട്ടല്‍ കോര്‍ത്തറില്ലോ റോമയുടെ ഷെഫ്‌ ജൂസപ്പെ ഫോന്തിയുടെ കുറിപ്പുകളില്‍നിന്നും അനുവാദത്തോടെ ചൂണ്ടിയെടുത്തത്‌...)


പിക്സ മാര്‍ഗരീത്ത.(നാലാളുകള്‍ക്കുള്ളത്‌ )
____________________________

ആവശ്യമുള്ള സാധനങ്ങള്‍

1. മൈദ 400

2. തക്കാളി പുളിയില്ലാത്തതും ദശക്കട്ടിയുള്ളതും ഇടത്തരം നാലെണ്ണം

3. മൊക്സറല്ല ചീസ്‌ 400 ഗ്രാം (എരുമപ്പാലില്‍ നിന്നും ഉണ്ടാക്കിയതാണെങ്കില്‍ ഉത്തമം)

4. യീസ്റ്റ്‌ ഏകദേശം 20 ഗ്രാം

5. തുളസിയില (ബേസില്‍) അഞ്ചാറെണ്ണം

6.ഉപ്പ്‌ ആവശ്യത്തിനു

7.ഒലിവോയില്‍..കുറച്ച്‌(താല്‍പര്യ്മുണ്ടെങ്കില്‍ മാത്രം )

പാചകം ചെയ്യുന്ന രീതി


മൈദമാവ്‌ ഇളം ചൂടുവെള്ളത്തില്‍ ഉപ്പും യീസ്റ്റും ചേര്‍ത്ത്‌ കുഴച്ച്‌ ഒരു പന്തുപോലെ ഉരുട്ടിവയ്ക്കുക...(റഗ്ബിയുടെ പന്ത്‌ ആകാതിരിക്കാന്‍ ശ്രമിക്കുമല്ലോ..)


ഇതിനെ ഒരു തുണികൊണ്ട്‌ മൂടി ഏകദേശം ഒരുമണിക്കൂറോളം പൊങ്ങാന്‍ വയ്ക്കുക
(കോഴിയെ മുട്ടയിടാന്‍ കൊട്ടയ്ക്കടിയില്‍ പിടിച്ചിട്ടിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മുട്ടയിട്ടോന്നു പൊക്കിനോക്കുന്ന സ്വഭാവം ഇവിടെ കാണിക്കരുത്‌...നിങ്ങളുടെ വക ഒരു പ്രോല്‍സാഹനവും കൊടുക്കണ്ട അതവിടെയിരുന്ന് തനിയേ പൊങ്ങിക്കോളു)


1 മണിക്കൂറിനു ശേഷം പൊങ്ങച്ചക്കാരന്‍ മൈദയെ വീണ്ടും ഒന്നുകൂടി കുഴച്ച്‌ മര്യാദ പഠിപ്പിക്കുക...
പിന്നെ നാലു ചെറിയ പന്തുകളാക്കി ഉരുട്ടുക...അതിനെ ഒരേകനത്തില്‍ നല്ല വൃത്താകൃതിയില്‍ പരത്തി മുകളില്‍ മൊക്സറല്ല ചീസ്‌ ചെറിയ ക്യൂബുകളാക്കി അരിഞ്ഞത്‌ നിരത്തുക (അല്‍പം ഉപ്പുപൊടി ഇവിടെയും പ്രയോഗിക്കാം)


അതിനു ശേഷം തക്കാളിയുടെ കുരുവും തൊലിയും നീക്കിയത്‌ നീളമുള്ള പീസുകളായ്‌ അരിഞ്ഞു ചീസിന്റെ മുകളില്‍ വിതറുക(കുരുവും തൊലിയും കളയാന്‍ അറിയില്ലാത്തവര്‍ ചോദിക്കുക)

200 ഡിഗ്രിയില്‍ അവന്‍ സെറ്റ്ചെയ്ത്‌ 20 മിനിറ്റ്‌ വേവിച്ചെടുക്കുക...

ചൂടൊടെ കഴിക്കാന്‍ വരട്ടെ മുകളില്‍ തുളസിയില വച്ചലങ്കരിക്കുക...ഒലിവോയില്‍ ഇഷ്ടമുള്ളവര്‍ അല്‍പം മീതെ ഒഴിക്കുക (അതാണതിന്റെ രീതി)-


ഇതാണിന്നു പ്രചാരത്തിലുള്ള പിക്സ മാര്‍ഗരീത്ത...(പഴയ കാലത്തെ പിക്സയില്‍ ചീസ്‌ ഉപയോഗിച്ചിരുന്നില്ല പകരം മൂന്നൊ നാലൊ വെളുത്തുള്ളി അല്ലി നടുവേ പിളര്‍ന്നു വച്ചതിനു ശെഷം അവനില്‍ വച്ചു ബേയ്ക്കുചെയ്തിരുന്നു)

പ്രത്യേക ശ്രദ്ധയ്ക്ക്‌...

നാലു പിക്സയാണു ഉണ്ടാക്കാന്‍ ഉരുട്ടിവച്ചിരിക്കുന്നത്‌....തക്കാളിയും ചീസും മുഴുവനും എടുത്ത്‌ ആദ്യമുണ്ടാക്കിയ പിക്സയില്‍ ഇട്ടാല്‍ പിന്നെയുള്ള മൂന്നു പിക്സ വെറും ബ്ലാങ്ക്‌ പിക്സ ആയി ഉണ്ടാക്കേണ്ടി വരും...(അതും ഇറ്റലിയില്‍ ഫെയ്മസാണേ)


*നിങ്ങളുടെ സംശയങ്ങല്‍ക്കു മറുപടി തരുന്നതായിരിക്കും..(ജൂസപ്പേയുടെ സൗകര്യംകൂടി നോക്കീട്ട്‌)

Thursday 1 March 2007

പ്രേമപ്പൂട്ട്സ്‌


പ്രേമപ്പൂട്ട്സ്‌



ഇങ്ങനെ ആയിരുന്നു തുടക്കം...
(പോട്ടം നെറ്റില്‍നിന്നും ചൂണ്ടിയത്‌ - ആര്‍ക്കാണ്ടും കോപ്പിറൈറ്റ്‌)
_________________________________

ഒരിക്കല്‍ ഒരു റോമാക്കാരന്‍ കൂട്ടുകാരന്‍ എന്നൊടു ചോദിച്ചു, "ഇന്ത്യയില്‍ ഭാര്യ ഭര്‍തൃ ബന്ധം നല്ല ഉറപ്പായി പോകുന്നു...ഇവിടെ നേരെ മറിച്ചും...എന്താണതിന്റെ രഹസ്യം?"


"നിങ്ങളുടെ കുടുമ്പ ബന്ധങ്ങള്‍ക്ക്‌ വെറും മോതിരവളയത്തിന്റെ ബലംമാത്രമേയുള്ളു എന്നാല്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ മോതിരവളയത്തില്‍ കടത്തുന്നതിനുപുറമേ ഒരു താലിക്കയറാല്‍ ബന്ധിക്കുന്നുമുണ്ട്‌ ...അതായിരിക്കും കാരണം..." ഞാന്‍ പറഞ്ഞു.


എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച്ചകളില്‍ ഇവിടുത്തെ പുതിയ ചുള്ളന്മാരും ചുള്ളികളും നമ്മളെ കടത്തി വെട്ടി....


സ്നേഹബന്ധം ചങ്ങലയും താഴും ഉപയൊഗിച്ചു പൂട്ടി ഭ്ദ്രമാക്കുന്ന പുതിയ ട്രെന്റാരംഭിച്ചു....

കഥ കേള്‍ക്ക്‌...


റോമാ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത്‌ ടൈബര്‍ നദിക്കുകുറുകേ അനേകം പാലങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്‌... എന്നാല്‍ അതില്‍ മൂന്നുപാലങ്ങള്‍ ഇന്നും യാതോരുകേടുപാടുകളും സംഭവിക്കാതെ പാമ്പന്‍പാലത്തിലും ഉറപ്പില്‍ നിലനില്‍ക്കുന്നു. അതിലൊന്നാണു മില്‍വിയോ പാലം.


ഈ പാലത്തില്‍ വച്ചാണു പണ്ടു 302 എ.ഡി.യില്‍ കോണ്‍സ്റ്റാന്റയിന്‍ (ആദ്യത്തെ ക്രിസ്റ്റ്‌യന്‍ എമ്പറര്‍) സ്വന്തം അളിയനായ മാക്സെന്റിയൂസിനെ പരാചയപ്പെടുത്തി റോമാ സാമ്രാജ്യത്തിന്റെ അധിപനായത്‌..അന്നീ പാലത്തില്‍ നിന്ന് മക്സെന്റിയൂസ്‌ ടൈബര്‍ നദിയിലോട്ട്‌ ഒരു ചാട്ടം ചാടിയിട്ട്‌ ഇന്നുവരെ പൊങ്ങിയിട്ടില്ല...


ഇന്ന് ഈ പാലം റോമിലെ മോഡേണ്‍ റോമിയോ ജൂലിയറ്റുമാര്യ്ടെ പറുദീസയായി മാറിയിരിക്കുന്നു...ഇക്കഴിഞ്ഞ വാലന്റയിന്‍സ്‌ ദിനത്തില്‍ കാമുകീ കാമുകന്മാരെക്കൊണ്ട്‌ പാലം നിറഞ്ഞുകവിഞ്ഞു...


പ്രണയ ജോഡികള്‍ പാലത്തിന്റെ നടുവിലുള്ള വിളക്കുമരത്തില്‍ കെട്ടിയ ഒരു ചങ്ങലയില്‍ തങ്ങളുടെ പേരെഴുതിയ ഒരു താഴ്‌ കൊണ്ടുവന്ന് പൂട്ടുന്നു...താക്കോലില്‍ രണ്ടാളും ചുമ്പിച്ചശേഷം പുറം തിരിഞ്ഞുനിന്ന് ടൈബര്‍ നദിയിലേയ്ക്കു വലിച്ചെറിയുന്നു...ഒരിക്കലും പിരിയാത്ത ബന്ധത്തിന്റെ പ്രതീകമായി താക്കോല്‍ പുഴയുടെ അടിയിലും താഴ്‌ വിളക്കുമരത്തിലും....


ഫെഡറിക്കോ മോച്ച (1963)എന്ന ഒരു എഴുത്തുകാരന്റെ 1992ഇല്‍ പുറത്തിറങ്ങിയ Tre metri sopra il cielo (Three metres above the sky) എന്ന പുസ്ഥകത്തിലെ നായകനും നായികയും തങ്ങളുടെ സ്നേഹ ബന്ധത്തിനു വീട്ടുകാര്‍ പാരകളായിത്തീര്‍ന്നപ്പോള്‍ നേരെപോയി മില്‍വിയോ പാലത്തിലെ മൂന്നാം നമ്പര്‍ വിളക്കുമരത്തില്‍ ഒരു ചങ്ങലകെട്ടി താഴിട്ടുപൂട്ടി താക്കോല്‍ പുഴയില്‍ എറിയുന്നു...


പുസ്തകം ചൂടന്‍ പിസ്സപോലെ വിറ്റുപോയി...എട്ടുലക്ഷം കോപ്പികള്‍...


ഇപ്പോള്‍ ഇവിടെ കൗമാരക്കാര്‍ ചങ്ങലയും താഴും വാങ്ങിവച്ചിട്ടാനു പ്രേമിക്കാന്‍ ആളെത്തിരയുന്നത്‌ എന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു കാര്യങ്ങള്‍.


ഭരണചക്രം തിരിക്കുന്ന ചില കടുംവെട്ട്‌ കിളവന്മാര്‍ക്ക്‌ പുതിയ തലമുറയുടെ ഈ പൂട്ട്‌കെട്ട്‌ അത്രപിടിച്ചിട്ടില്ല....


റോമാ മേയര്‍ വള്‍ട്ടര്‍ വെല്‍ട്രോണി പറഞ്ഞത്‌, "വിളക്കുമരത്തിനും പാലത്തിനും കുഴപ്പം വരുന്നില്ലായെങ്കില്‍ ആ താഴുകള്‍ അവിടെ കിടന്നോട്ടെ ....നിങ്ങളുടെ നെഞ്ചത്തൊന്നുമല്ലല്ലോ...എന്നാണു".

ഒന്നും രണ്ടുമല്ല താഴുകള്‍...അയ്യായിരത്തിനും മേലെ....

ഇവിടെങ്ങാനുമൊരു ഇരുമ്പുകട തുടങ്ങിയാല്‍ മതിയായിരുന്നു...