Monday, 19 February 2007

കൊളോസ്യംപണ്ട്‌ എറണാകുളത്ത്‌ മഹാരാജാസ്കോളേജ്‌ ഗ്രൗണ്ടില്‍ സന്തോഷ്‌ ട്രോഫി നടന്നപ്പോള്‍ ചൂളമരം കൊണ്ട്‌ കെട്ടിയ താല്‍ക്കാലിക ഗാലറിയിലിരുന്ന് ഞാനും എന്റെ കൊച്ചാപ്പനും മെക്സിക്കന്‍ തിരമാലകളുണ്ടാക്കി...അതുകണ്ട്‌ അടുത്തിരുന്നവരും... അതിനടുത്തിരുന്നവരും... അങ്ങിനെ സ്റ്റേഡിയം മൊത്തത്തില്‍ ഇളകിയപ്പോള്‍ ചൂളമരങ്ങള്‍ ഒടിഞ്ഞുവീണൊരു ഫുട്ബോള്‍ ദുരന്തം ഉണ്ടായേക്കുമോ എന്നു സങ്കാടകര്‍ ഭയന്നു.

അന്നു വി.ഐ.പി. ഗാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന്‍ ഞാനും എന്റെ കൊച്ചാപ്പനും കൂടി ഉണ്ടാക്കിയ തിരയും ഐ.എം. വിജയന്റെ ഗോളുകളും കണ്ട്‌ എറണാകുളത്തിനു ഒരു സ്ഥിരം സ്റ്റേഡിയം വാഗ്ദാനം ചെയ്തു...


കുറെ നാളുകള്‍ കഴിഞ്ഞ്‌ എറണാകുളത്തിനുവന്നപ്പോള്‍ കലൂരില്‍ പണിതീര്‍ത്ത സ്റ്റേഡിയം കാണാന്‍ ഞാന്‍ പോവുകയുണ്ടായി വിത്ത്‌ കൊച്ചാപ്പന്‍... ആ സ്റ്റേഡിയത്തിന്റെ വലിപ്പംകണ്ട്‌ ഒരു ഫുഡ്ബോളിനോളം വട്ടത്തില്‍ വായ്‌ പൊളിച്ചു നിന്നുപോയ്‌ ഞങ്ങള്‍....


വര്‍ഷങ്ങള്‍ക്ക്‌ ശേഷം റോമിലെ കൊളോസ്യത്തിന്റെ അരികില്‍ ആദ്യമായി വന്നപ്പോള്‍ "കൊള്ളാം...പക്ഷെ ഞങ്ങളുടെ കലൂര്‍ സ്റ്റേഡിയത്തിന്റത്രപോരാ..." എന്നു ഇറ്റലിക്കാരി എസ്തേര്‍ ഗാള്ളോയോട്‌ പറഞ്ഞ ദേശാഭിമാനിയാണു ഞാന്‍.....

പക്ഷെ കുറെകാര്യങ്ങള്‍ സമ്മദിച്ചുകൊടുക്കാതിരിക്കാന്‍ വയ്യ -

ഭീമാകാരങ്ങളായ ആധുനിക സ്റ്റേഡിയങ്ങളുടെ അതെ പ്രവര്‍ത്തന ശൈലിതന്നെയാണ്‍ എ.ഡി.72നും 80നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട കൊളോസ്യത്തിനുമുണ്ടായിരുന്നത്‌.


വെസ്പസിയന്‍ ചക്രവര്‍ത്തി ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ അദ്ധേഹത്തിന്റെ മകന്‍ ടയിറ്റസാണ്‍. നിര്‍മാണത്തൊഴിലാളികള്‍ യഹൂദ അടിമകള്‍ ആയിരുന്നു.

ഫ്ലാവിയന്‍ ആമ്പിതീയേറ്റര്‍ എന്നണു ഈ ഭയങ്കര സ്റ്റേഡിയത്തിന്റെ ഒറിജിനല്‍ പേര്‍. പൊതുവെ കൊളോസ്യമെന്നു വീണവിദ്വാന്‍ നീറോയൊടു ബന്തപ്പെടുത്തി പണ്ടുതൊട്ടേ വിളിച്ചുപോരുന്നു (പറയാനുള്ള എളുപ്പത്തിനാണെന്ന് എനിക്കുതോന്നുന്നു)


റോമാ നഗരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കൊളോസ്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ദമില്ലാത്ത ഒരു പേജെങ്കിലും കണ്ടെടുക്കാന്‍ പ്രയാസമാണു.

റോമാക്കര്‍ ഫുട്ബോള്‍ കളിതുടങ്ങുന്നതിനും വളരെക്കാലം മുമ്പെ സ്റ്റേഡിയം പണിതിട്ടതിനാല്‍

ആദ്യകാലങ്ങളില്‍ മല്ലയുദ്ധങ്ങളായിരുന്നു അരങ്ങേറിയിരുന്നത്‌. അങ്ങിനെ ഒരുപാട്‌ പ്രൊഫഷണല്‍ ഗ്ലാഡിയേറ്റര്‍മാര്‍ കൊല്ലനും ചാവാനും തയ്യാറായിവന്നപ്പോള്‍ എന്നും കൊളോസ്യത്തിനുമുമ്പില്‍ ഹൗസ്‌ ഫുള്‍ ബോര്‍ട്‌ തൂങ്ങി. (അന്നെങ്ങാനും വരാന്‍ പറ്റിയിരുന്നെങ്കില്‍ ബ്ലാക്കില്‍ റ്റിക്കറ്റ്‌ വില്‍ക്കുന്ന ബിസിനസ്സ്‌ തുടങ്ങാമായിരുന്നു)

കൊളോസ്യത്തിന്റെ ഇനാഗുറേഷന്‍ സെലബ്രേഷന്‍ 100 ദിവസങ്ങളോളം നീണ്ടു...ആ ദിവസങ്ങളില്‍ 9000 വന്യമൃഗങ്ങള്‍ കൊല്ലപ്പെട്ടു എന്നൊരു ചരിത്രകാരന്‍ എഴുതിവച്ചിട്ടുണ്ടെന്ന് എസ്തേര്‍ അഭിമാനത്തോടെ പറഞ്ഞു...(അതത്ര വല്യകാര്യമാണെന്ന് എനിക്ക്‌ തോന്നണില്ല...കാരണം 100 ദിവസ്സംകൊണ്ട്‌ ഞങ്ങളുടെ കവലയിലെ ഇറച്ചിവെട്ടുകാരന്‍ അലിമാമ പശു,പോത്ത്‌, ആട്‌, കോഴി, താറാവ്‌ ഒക്കെയായിട്ട്‌ 9000 ത്തിലധികം കശാപ്പുകള്‍ ചെയ്യാറുണ്ട്‌)


ഏകദേശം അഞ്ചാം നൂറ്റാണ്ടുവരെ ഈ ക്രൂര വിനോദം റോമാക്കാര്‍ ഹൗസ്‌ ഫുള്ളായി കൊണ്ടാടിയിരുന്നതായി ചരിത്രം പറയുന്നു.എ.ഡി. 442 ലും 508 ലും ഉണ്ടായ രണ്ട്‌ ഭൂകമ്പങ്ങള്‍ കനത്ത നാശംവരുത്തിയതിനാല്‍ കുറെ കാലത്തേയ്ക്ക്‌ ആരും തിരിഞ്ഞുനോക്കാതെ കിടന്നു കൊളോസ്യം. ആ കാലത്തെ വിവര ദോഷികളായ രാജാക്കന്മാര്‍ ഈ മഹാ സ്റ്റേഡിയത്തെ വെറും സിമിത്തേരിയായും ഉപയോഗിച്ചു.


അന്തരിച്ച ആത്മാവുകളാണെന്നുകരുതാം, ഒരുപ്രാവശ്യംകൂടി കൊളോസ്യത്തെ കുലുക്കി 1349 ഇല്‍, അന്നൊരുപാട്‌ മാര്‍ബിളൊക്കെ ഇളകിവീണു.ക്വാറിയില്‍ പോയി മാര്‍ബിള്‍ മുറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ മടിയമ്മാരായ പുതിയ തലമുറ കുറെയേറെ മാര്‍ബിളും കല്ലുകളും കൊളോസിയത്തില്‍നിന്നടിച്ചുമാറ്റി വേറെ വീടുകളും കൊട്ടാരങ്ങളും പണിതു...

(എന്നിട്ട്‌ ഞാന്‍ ഒരു പുളിങ്കുരൂന്റെ വലിപ്പത്തിലൊരു പീസ്‌ കല്ലടര്‍ത്തിയെടുക്കാന്‍ നോക്കിപ്പം എന്തായിരുന്നു ഇവമ്മാരുടെ ഡിമാന്റ്‌.....പോലീസിനെ വിളിക്കും പോലും..)


പിന്നെ 1740 ഇല്‍ ബെനെഡിക്റ്റ്‌ പതിനാലാമന്‍ മാര്‍പ്പാപ്പ കൊളോസ്യത്തില്‍ ഒരു കുരിശു നാട്ടിയിട്ടുപറഞ്ഞു ഇനി ഇവിടെന്നാരെങ്കിലും എന്തെങ്കിലും അടിച്ചുമാറ്റിയാല്‍ നല്ല പെട ഞാന്‍ വച്ചുതരും. അതുകൊണ്ട്‌ കൊളോസ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നു.

(ആ മാര്‍പ്പാപ്പ അങ്ങിനെ ഒരു തീരുമാനം എടുത്തിരുന്നില്ലയെങ്കില്‍ കോളോസ്യത്തിന്റെ സ്താനത്ത്‌ ഇപ്പോള്‍ ഒരു 'കുളോ'സിയം കണ്ടേനെ....ഞങ്ങള്‍ ഒരുപാട്‌ മലയാളികളിവിടെ ഉള്ളതല്ലെ)

14 comments:

സുന്ദരന്‍ said...

സുന്ദരന്‍ പുതിയ ബ്ലോഗ്‌ തുടങ്ങി...പുതിയ പോസ്റ്റും ഇട്ടു....

സഹകരിക്കുക സഹായിക്കുക

ദിവ (d.s.) said...

ഹ ഹ

ലേഖനം ഇഷ്ടപ്പെട്ടു. ഈ സൈസ് ഇനിയും പോരട്ടെ. സ്വന്തമായി എടുത്ത ഫോട്ടോകള്‍ കൂടിയുണ്ടെങ്കില്‍, കുശാലായി :-)


:)

സുല്‍ | Sul said...

വാ സുന്ദരാ വാ.
അസ്സലായിരിക്കുന്നു. നന്നായി എഴുതി.

-സുല്‍

ഇത്തിരിവെട്ടം© said...

സുന്ദരാ സുന്ദരമായ പോസ്റ്റ്. ഒത്തിരി ഇഷ്ടമായി.

RR said...

രസികന്‍ വിവരണം. ഇതു പോലത്തെ പോസ്റ്റുകള്‍ ഇനിയും പോരട്ടെ :)

RR said...
This comment has been removed by the author.
ഇടിവാള്‍ said...

2003 ഇല്‍ കൊളോസിയം കണ്ടത്‌ അത്ഭുതകരമായ ഒരു അനുഭവമായിരുന്നു എനിക്ക്‌.

ഏറ്റവും രസമായത്‌, പുറത്തിറങ്ങിയപ്പോ, റോമന്‍ പടയാളികളുടെ വേഷമിട്ട രണ്ടുപേര്‍ അവരുടെ കൂടെ നിന്നു ഒന്നു ഫോട്ടോക്ക്‌ പോസു ചെയ്യാമോ എന്ന് എന്നോട്‌ റിക്വസ്റ്റ്‌ ചെയ്തു!

ഫോട്ടോയെടുത്ത ശേഷം രണ്ടു പേര്‍ക്കും 5 യൂറോ വച്ചു കൊടുക്കുകയും ചെയ്ത ;)

Siju | സിജു said...

സുന്ദരാ.. രസകരവും അതേ സമയം വിജ്ഞാനപ്രദവും

അപ്പ കലൂര്‍ സ്റ്റേഡിയം സുന്ദരന്റെ സംഭാവനയായിരുന്നല്ലേ.. ഞാന്‍ കരുതിയത് എന്റെ തിരമാല കണ്ടിട്ടാ കരുണാകരന്‍ പറഞ്ഞതെന്നാ..

Siju | സിജു said...

ബന്ധം ആണ് ശരി
പലയിടത്തും തെറ്റി കണ്ടു. വായിച്ചിട്ട് മായ്ച്ചേര്

qw_er_ty

G.manu said...

സുന്ദരാ..നീ എനിക്കു വിസയോ ഒപ്പിച്ചു തരുന്നില്ല..അപ്പൊ "വിസയില്ല ശവി..വിസിറ്റീ സൈറ്റ്‌ " എന്നു പറഞ്ഞു തുടങ്ങിയ സംഗതി ഗംഭീരം..... ചീയേഴ്സ്‌

venu said...

ലേഖനം രസകരവും വിജ്ഞാനപ്രദവും.

ചക്കര said...

:)

സുന്ദരന്‍ said...

ഇടിവാളേ..ഇതു വല്ലാത്ത ചതിയായിപ്പോയി...ഇനി റോമില്‍ വരുന്നതിനുമുമ്പേ ഒന്നറിയിക്കണേ..(ഒരു യൂറോയില്‍ കൂടിയ ഒരു ടിപ്പ്‌ ഇവിടെ ആരും വീശാറില്ല...ഇതിപ്പം അഞ്ചു യൂറൊ!! ഒരു ഗ്ലാഡിയേറ്റര്‍ കുപ്പായം ഞാനും തുന്നിക്കാന്‍ പോകുവാ..)

സിജു...അക്ഷരത്തെറ്റ്‌ പറഞ്ഞുതന്നതില്‍ വളരെ നന്ദി...എന്റെ ആശാങ്കളരി ജീവിതമൊക്കെ ഒരു വകയായിരുന്നു...ഒന്നും പറയണ്ട...അല്ലങ്കില്‍ പിന്നെ ഒരു പോസ്റ്റായിട്ട്‌ ഇടാം.

കമന്റടിച്ചവര്‍ക്കെല്ലാം മൊത്തതില്‍ നന്ദി

പിരിക്കുട്ടി said...

kolosyam nannayi