Friday, 23 February 2007

'സത്യന്റെ വായ്‌' - ബൊക്ക ദെല്ല വേരിത്ത


പോട്ടം ഇന്റര്‍നെറ്റില്‍നിന്നും മോട്ടിച്ചത്‌...

റോമിലെ 'സത്യന്റെ വായ്‌' -
(ബൊക്ക ദെല്ല വേരിത്ത / മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌)

_________________________________


നാട്ടുകവലയിലെ ചായക്കടയും ന്യായവില റേഷന്‍ ഷോപ്പും മില്‍മായുടെ പാല്‍ സഭരണ ഡിപ്പോയും വൈകിട്ട്‌ എട്ടുമണിക്കു മുമ്പെ അടയ്ക്കും...... അവസാന ബസ്സും പോയിക്കഴിഞ്ഞാല്‍ പിന്നെ കവല വിജനമായി....

അപ്പോള്‍ കേള്‍ക്കാം ...

"ഡും...പഡേ...ഡും...ഡും"

"ഹെന്റമ്മേ... ഈ കാലമാടന്‍ എന്നെ തല്ലിക്കോല്ലുന്നേ... ഓടിവാ നാട്ടാരേ..."

"ഞാനില്ലാത്ത സമയത്ത്‌ ഇന്നാരാടീ ഇവിടെ വന്നത്‌....ലവനെന്തിനാടീ നിന്നെ നോക്കി ചിരിച്ചത്‌..."

കവലയിലെ റേഷന്‍ കടയുടെ പുറകിലെ വാടകവീടിന്റെ നാഥന്‍ രണ്ടെണ്ണം വീശിയിട്ടു വന്ന് നാഥയുടെ പുറത്ത്‌ കൊട്ടിപ്പഠിക്കുന്നു......

നാട്ടാരാരും ഓടി വരില്ല. ആദ്യ കാലത്ത്‌ ചിലരൊക്കെ ഓടി വന്നിട്ടുണ്ട്‌ ...പിന്നെ അവരുടെ പേരുംപറഞ്ഞായി കൊട്ട്‌..... സംശയരോഗം...

മുതുകത്ത്‌ കൊഴുക്കട്ടയുടെ വലിപ്പത്തില്‍ ഇടികൊണ്ട മുഴയുമായി ആ പാവം സ്ത്രീ കവലയില്‍ കണ്ണീരു കുറേ ഒഴുക്കിയിട്ടുണ്ട്‌.

റോമിലെ 'സത്യന്റെ വായ്‌' (ബൊക്ക ദെല്ല വേരിത്ത - മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌) കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത്‌ നാട്ടുകവലയിലെ ഇടിഫാമിലിയേക്കുറിച്ചാണു കാരണം...ചരിത്രം കേള്‍ക്ക്‌....

റോമിലെ സാന്ത മരിയ ഇന്‍ കോസ്മേഡിയന്‍, നാലാം നൂറ്റാണ്ടില്‍ ഗ്രീക്ക്‌ സന്യാസികളാല്‍ പണികഴിപ്പിക്കപ്പെട്ട ഒരു ദേവാലയമാണു. ഹെര്‍ക്കൂലീസ്‌ ദേവന്റെ പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പണികഴിച്ച ഈ ദേവാലയം പിന്നീട്‌ പല പ്രാവിശ്യം പുതുക്കിപ്പണിതിട്ടുണ്ട്‌.

1632 ഇല്‍ ഈ ദേവാലയത്തിന്റെ പോര്‍ട്ടിക്കോയില്‍ 'സത്യന്റെ വായ്‌' (Bocca della verità) സ്ഥാപിച്ചു. 1.75 ഡയാമീറ്ററുള്ള, മാര്‍ബിളില്‍ കൊത്തിയ ഒരു അപ്പൂപ്പന്‍ തല. ഏതോ നദീ ദേവനാണെന്നും പറയപ്പെടുന്നു.

ഈ അപ്പൂപ്പന്റെ വായില്‍ കയ്യിട്ടുകൊണ്ട്‌ കള്ളം പറഞ്ഞാല്‍ ആ കൈ പിന്നെ ഇട്ടതുപോലെ പുറത്തെടുക്കാന്‍ പറ്റില്ല...മൂപ്പരു കടിച്ചുപറിച്ചങ്ങെടുക്കും... അങ്ങിനെ ഒരു വിശ്വാസം അക്കാലത്ത്‌ ജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പലരുടെയും കൈ പോയിട്ടുണ്ടെന്നും പറയുന്നു...ആര്‍ക്കറിയാം സത്യം.

( ആഹാരം മുഴുവന്‍ കഴിച്ച്‌ വേഗം കിടന്നുറങ്ങിയില്ലങ്കില്‍ 'കല്ലപ്പില്ലി മൂത്തോന്‍' വന്നു പിടിച്ചോണ്ടുപോകും എന്നു കവലയില്‍ അമ്മമാര്‍ കുട്ടികളെ പറ്റിക്കുന്ന ആ ട്രിക്കിന്റെ ഒരു ഓള്‍ഡ്‌ വേര്‍ഷന്‍ തന്നെ ആയിരിക്കാം ഇതും..)

ഭാര്യമാരുടെ പ്യൂരിറ്റി ടെസ്റ്റ്‌ നടത്താന്‍ പല ഭര്‍ത്താക്കന്മാരും ഇവിടെ എത്തിക്കൊണ്ടിരുന്ന അക്കാലത്ത്‌ ഒരു ദിവസം ഒരു സംഭവമുണ്ടായ്‌...

തന്റെ ഭാര്യയ്ക്ക്‌ പരപുരുഷ ബന്ധം ഉണ്ടെന്നു ആരോപിച്ചു കൊണ്ട്‌ ഒരാള്‍ ഈ വായില്‍കയ്യിടല്‍ ടെസ്റ്റ്‌ നടത്താന്‍ ആവശ്യപ്പെട്ടു...പരപുരുഷ ബന്ധമുണ്ടായിരുന്ന അയാളുടെ ഭാര്യയെ ന്യായാധിപന്മാര്‍ ടെസ്റ്റിനു വേണ്ടി 'സത്യേട്ടന്റെ വായുടെ' മുമ്പില്‍ കൊണ്ടുവന്നു....അനേകമാളുകളും ചടങ്ങുകാണാന്‍ തടിച്ചുകൂടി....അവളുടെ ജാരനും ആ കൂട്ടത്തിലുണ്ടായിരുന്നു.

കൈ പോയതു തന്നെ എന്നു പെണ്ണിനുറപ്പായി..അവളുടെ ജാരനും.

പെട്ടെന്ന് ബുദ്ധിമാനായ അവളുടെ രഹസ്യക്കാരന്‍ ജനക്കൂട്ടത്തില്‍നിന്നും ചാടിയിറങ്ങിവന്ന് അവളെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു....അതിനു ശേഷം അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അഭിനയിച്ചു...എല്ലാവരും കരുതി അയാള്‍ ഒറിജിനല്‍ വട്ടനായിരിക്കും എന്ന്...കഴുത്തിനു പിടിച്ച്‌ രണ്ടെണ്ണം കൊടുത്ത്‌ അവനെ മാറ്റിനിറുത്തിയവര്‍ മണ്ടന്മാര്....

‍എന്നാല്‍ പെണ്ണിനു മാത്രം ക്ലൂ പിടികിട്ടി ...സത്യന്റെ വായില്‍ കയ്യിട്ട്‌ അവള്‍ ഇങ്ങനെ സത്യം ചെയ്തു..

"എന്റെ ഭര്‍ത്താവും പിന്നെ... ദേ ഇപ്പോള്‍ എന്നെകയറിപ്പിടിച്ച ഈ ഭ്രാന്തനുമല്ലാതെ വേരെ ഒരാളും എന്നെ തൊട്ടിട്ടില്ല".

സത്യത്തിനെ വായ്‌ അന്നാ പെണ്ണിന്റെം അവളുടെ ജാരന്റേം മുമ്പില്‍ പരാജയപ്പെട്ടുപ്പോയി...അവളുടെ കൈ കടിച്ചെടുക്കണം എന്നുണ്ട്‌ അവള്‍ അതര്‍ഹിക്കുന്നുമുണ്ട്‌...പക്ഷേ അവള്‍ പറഞ്ഞതില്‍ സത്യ വിരുദ്ധമായതൊന്നും ഇല്ലാത്ത കാരണം കടിക്കാന്‍ പറ്റുന്നുമില്ല..

ആ മൂദേവി ഒരു പരിക്കും കൂടാതെ കൈ വെളിയിലെടുത്തു...സഭ പിരിഞ്ഞു...എന്നാല്‍ സത്യന്റെ വായ്ക്ക്‌ ഇതൊരു വല്യ ഇന്‍സല്‍ട്ടായി...ഇങ്ങനെ ഒരു ചതി ആദ്യമായിട്ടാ പറ്റിയത്‌...

"ഇനി ആളുകള്‍ അവരുടെ തോന്ന്ന്യാസത്തിനു ജീവിച്ചോട്ടെ ഞാന്‍ കടിക്കാനുമില്ല പിടിക്കാനുമില്ല..ഞാന്‍ ഈ പണി ഇന്നത്തോടെ നിര്‍ത്തി" അതിനു ശേഷം ഇന്നുവരെ പാവം ആരേയും കടിച്ചിട്ടില്ല...

നിങ്ങള്‍ ആരെങ്കിലും റോമില്‍ വരുകയാണെങ്കില്‍ സത്യന്റെ വായില്‍ കയ്യിടാന്‍ മറക്കരുതെ ബ്ലോഗര്‍മാരേ....

ഞാന്‍ ഇതുവരെ കയ്യിട്ടിട്ടില്ല.... എപ്പോളാ ആശാന്‍ കോമയില്‍നിന്നും ഉണരുന്നതെന്നറിയില്ലല്ലോ!

10 comments:

സുന്ദരന്‍ said...

റോമക്കാഴ്ച്ചയില്‍ സുന്ദരന്‍ ഒരു പുതിയ പോസ്റ്റുമായി വീണ്ടും...സത്യന്റെ വായ്‌....(സിനിമാ നടന്‍ സത്യനല്ല...വായിച്ചുനോക്ക്‌...)

സജിത്ത്|Sajith VK said...

കൊള്ളാം, നല്ല എഴുത്ത്....

kaithamullu - കൈതമുള്ള് said...

റോമിലെ 'സത്യന്റെ വായ്‌' -
(ബൊക്ക ദെല്ല വേരിത്ത / മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌)
-കൊള്ളാം പരിഭാഷ!(സത്യേന്റെ എന്നായിരുന്ന്നു കൊറച്ചൂടി നല്ലത്)

“എന്റെ ഭര്‍ത്താവും പിന്നെ... ദേ ഇപ്പോള്‍ എന്നെകയറിപ്പിടിച്ച ഈ ഭ്രാന്തനുമല്ലാതെ വേരെ ഒരാളും എന്നെ തൊട്ടിട്ടില്ല".
-നമ്മടെ നാട്ടില്‍ നടന്ന ഒരു സംഭവമായി പറഞ്ഞ് ഈ കഥ ഞാന്‍ കേട്ടിട്ടുണ്ട്.

എന്തായാലും പഷ്ട്!

Peelikkutty!!!!! said...

കൊള്ളാലോ സത്യേട്ടന്റെ മൌത്ത്!:)

ബിന്ദു said...

ഇതു കൊള്ളാല്ലൊ. :)കൂടുതല്‍ കാഴ്ചകള്‍ ഇടുമൊ?ഇതുപോലെയുള്ള വിശദീകരണങ്ങളും.

G.manu said...

kalakki mashey..........ninte romakkazhcha

Siju | സിജു said...

ഈ വായിലല്ലേ റോമന്‍ ഹോളിഡേയില്‍ ഓഡ്രേ ഹെപ്‌ബേണും ഗ്രെഗറി പെക്കും കൊണ്ടുപോയി കയ്യിടുന്നത്
ജീവിച്ചിരുന്നെങ്കില്‍ എന്റെ അമ്മൂമ്മയുടെ പ്രായം കണ്ടേനെയെങ്കിലും ഹെപ്‌ബേണ്‍ ഒരു വീക്ക്‍നെസ്സ് ആണ് :-)

ആ കഥ ഇഷ്ടപെട്ടു

Siju | സിജു said...

ദാണ്ടെ ഞാന്‍ പറഞ്ഞ സാധനം
ഗ്രെഗറി പെക്കിന്റെ കൈ ബൊക്ക ദെല്ല വേരിത്ത കടിച്ചെടുത്തെന്നു കരുതി കരയുന്ന ഹെപ്‌ബേണ്‍

പിരിക്കുട്ടി said...

hahahaha.....

kollatto sathyanum kamukiyum kamukanum ellavarum uithezhuthiya
sundaranum

കുഞ്ഞന്‍ said...

സുന്ദരാ...മാഷെ..

അവസാന ഡിസ്ക്ലൈമര്‍ വായിച്ച് ചിരിച്ച് ചിരിച്ച് അവശതായായി മാഷെ..കോമയില്‍ നിന്നുണരുന്നത് ആ സമയത്തായാല്‍...കൈ മാത്രമല്ല സുന്ദരന്റെ സൌന്ദര്യവും പോകും അല്ലെ..!