Sunday, 12 October 2008

പ്രേതബാധയുള്ളവഴി(പടം ഗൂഗിളീന്നു കടം...പടത്തുമ്മെ ഞെക്കിയാല്‍ വലുതായ് കാണാം. ചുമപ്പുകുരിശടയാളം ഇട്ടിരിക്കുന്ന സ്ഥലത്താണ് അച്ചായന്‍ മൂത്രമൊഴിച്ചത് )


റോം
ആഗസ്റ്റ് പതിനാലാം തീയതി.

കൂട്ടുകാരന്‍ തോമസ്സ് എന്റെ വീട്ടില്‍ വരുന്നു, പതിവിനു വിപരീതമായ് അവന്‍ വിഷാദവദനനായ് കാണപ്പെട്ടു...

"എന്തുപറ്റി തോമസ്സ്... താങ്കള്‍ വല്ലാതെ ദുഖിതനായ് കാണപ്പെടുന്നല്ലോ... എന്താണെന്നു പറയു, ഒരുപക്ഷെ എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞെങ്കിലോ!!"


"എന്റെ ഭാര്യയുടെ പപ്പാ വന്നിട്ടുണ്ട്, റോമാ നഗരം കാണാന്‍...."

"ക്ഷമിക്കണം തോമസ്സ് ഈ കേസില്‍ ഞാന്‍ നിസ്സഹായനാണ്... വരാനുള്ളത് വഴിയില്‍ തങ്ങില്ലാ എന്നോര്‍ത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കൂ..."

"അതല്ലാ പ്രശ്നം... "

"പിന്നെ എന്താണ്?..."

"നാട്ടിലാരിക്കുമ്പോള്‍ പപ്പായ്ക്ക് എന്നും വൈകിട്ട് കവലയിലെ ഷാപ്പില്‍ പോയ് മൂന്നാലുകുപ്പി കള്ളടിക്കുന്ന ശീലമുണ്ട്... ആ സമയമാവുമ്പോള്‍ ആള് വെരുകിനെ പിടിച്ചു കൂട്ടിലിട്ടപോലെ പരക്കം പാച്ചിലാണ്.."

"അതിത്രവല്യ ഇഷ്യൂവാണോ... ഇത്തിരി പുളിച്ച വീഞ്ഞുവാങ്ങിക്കൊടുത്താല്‍ പ്രശ്നം തീരില്ലെ..."

"ഇല്ലാലൊ... വീട്ടിലിരുന്നു കുടിക്കുന്നത് മൂപ്പര്‍ക്കിഷ്ടമല്ലാ. ഷാപ്പില്‍ തന്നെ പോയ് കുടിക്കണം."

"ഏതേലും ബാറില്‍ കൊണ്ടുപോയ് രണ്ടുകുപ്പി വാങ്ങിക്കൊട് തോമസ്സെ. മകളെ കെട്ടിയതിന്റെ കോമ്പന്‍സേഷനായിട്ട് പത്ത് ലക്ഷം തന്നമനുഷ്യനല്ലെ... ഇത്തിരി കാശു അങ്ങേര്‍ക്കുവേണ്ടി മുടക്കടോ. "


"കൊണ്ടുപോയ് വാങ്ങിക്കൊടുത്തു... അതാണിപ്പം പുലിവാലായത്. നാലുകുപ്പി വൈന്‍ അടിച്ചു പിന്നെ പപ്പാ മേശപ്പുറത്തടിച്ചു... സപ്ലയറെ അടിക്കുന്നതിനു മുമ്പെ പിടിച്ചിറക്കികൊണ്ടുപോന്നു... അപ്പോള്‍ ചങ്കത്തടിച്ചു..... പുറത്തിറങ്ങിയപ്പോള്‍ മുണ്ട്പറിച്ച് തോളത്തിട്ടു....."

"അയ്യോ ...മുണ്ടോ, എന്താ പാന്റ്സ് ഇടീക്കാഞ്ഞെ?..."

"പാന്റ്സ് ഇടീച്ചേ വിടാവൂന്നു ആയിരം വട്ടം ഞാനും ബിന്ദുവും അളിയനെ വിളിച്ചു പറഞ്ഞതാ. അവന്റെം കുറ്റമല്ല... അവന്‍ പാന്റ്സ് തയിപ്പിച്ച് കൊണ്ടുവരൂവെം ചെയ്തു... എടുത്തു വച്ചേരെടാ കഴുവര്‍ടെ മോനെ...ഞാന്‍ ചാവുമ്പോള്‍ ഇടീക്കാം എന്നും പറഞ്ഞു മൂപ്പരുടക്കി."

"പോട്ടെ തോമസ്സെ ..വയസായ മനുഷ്യനല്ലെ ..കുറച്ചു ദിവസോംകൂടെ ക്ഷമിക്ക്... പിന്നെ ഇതു നമ്മുടെ നാടുപോലെ ഒന്നുമല്ലാലൊ... ഇവിടെ ആരെന്തു വേഷം ധരിച്ചാലും ആര്‍ക്കെന്തുചേതം .. . ആള് സ്വതന്ത്രനായിരിക്കാതെ ശ്രദ്ധിച്ചാല്‍ മതി. അടീല് ധരിക്കണ ശീലമൊക്കെ ഉണ്ടല്ലോ അല്ലെ...?"

"മുട്ടോളം ഇറക്കമുള്ള വരയന്‍ അണ്ട്ര്‌വെയര് പപ്പായുടെ ലോഗോയാണ്.... അതൊന്നുമല്ല പ്രശ്നമായത്. ഒരുപ്രകാരത്തില്‍ പിടിച്ചോണ്ട് പോരുവാരുന്നു .. അപ്പോഴാണ് വഴിസൈഡില്‍ നിന്നു മൂത്രമൊഴിക്കാന്‍ ശ്രമിച്ചത്..."

"ഇത്രിടം വരെ വന്നിട്ട് മനസമാധാനത്തോടിത്തിരി മൂത്രമൊഴിക്കാന്‍ പറ്റണില്ലെങ്കില്‍ പുല്ല്...എനിക്കിവിടുത്തെ പൊറുതി മതിയായ്...എന്നെ ഇപ്പോള്‍ തന്നെ മുണ്ടക്കയത്തെയ്ക്ക് തിരിച്ചയച്ചേക്കാനാ പറയുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്ന ആള്‍ അവിടെ സ്വന്തം രാജ്യത്തിന്റെ കൊടിനാട്ടും... എവറസ്റ്റ് കൊടുമുടീടെ മുകളില്‍ ചെല്ലുന്നയാള്‍ അവിടെ അയാളുടെ രാജ്യത്തിന്റെ കൊടിനാട്ടും.... ഞാന്‍ ഈ റോമാനഗരത്തില്‍ വന്നൂ എന്നതിന്റെ തെളിവായ് എനിക്കീ നടുറോഡില്‍ കൊടിനാട്ടാന്‍ പറ്റുമോ... അറ്റ്ലീസ്റ്റ് ഇത്തിരി മൂത്രമൊഴിക്കാന്‍ പോലും ഇവിടെ സ്വാതന്ത്യമില്ലെ.... എന്നാ പപ്പാ ചോദിക്കണെ.."

"ആ പറഞ്ഞതില്‍ കാര്യമില്ലാതില്ലാട്ടോ തോമസ്സെ...തുറന്നുപറയുന്നതില്‍ ഒന്നും തോന്നരുത് പട്ടികള്‍ വഴിസൈഡില്‍ മൂത്രമൊഴിക്കുന്നത് ഇതെ വികാരത്തോടെയാണെന്നാണ് ഡിസ്കവറിചാനലുകാരു പറയുന്നത്. കയറ്റി അയക്കെടേയ് എത്രയുംപെട്ടന്നീ മാരണത്തെ..."

"അതിനെപ്പറ്റിയും ആലോചിച്ചു...പക്ഷെ വേറെ ഒരു പ്രോബ്ലം ഉണ്ട്. ബിന്ദൂന്റെ വീട്ടിലെ ഭാഗം വയ്പ്പൊക്കെ കഴിഞ്ഞതാ... എങ്കിലും ഒരു രണ്ടുപറയ്ക്ക് നിലം പപ്പാ ആര്‍ക്കും കൊടുക്കാതെ ഇട്ടിട്ടുണ്ട്.... അത് തന്റെ കാലശേഷം പെണ്മക്കള്‍ക്ക്...അല്ലെങ്കില്‍ പള്ളിക്ക്, ഇതാണ് ലൈന്‍. ഇനി ഇവടെനിന്നും മൂത്രമൊഴിക്കാന്‍ പോലും അനുവധിച്ചില്ലാന്നും പറഞ്ഞ് പിണങ്ങിപ്പോയാല്‍ ബിന്ദൂനു കിട്ടാനുള്ളത് അവളുടെ അനിയത്തിമാരു കൊണ്ടുപോയെന്നുവരും..."

ഇതൊരു കുഴഞ്ഞുമറിഞ്ഞ പ്രശ്നം തന്നെ... ഒരുവശത്ത് പൊതുവഴിയില്‍ മൂത്രമൊഴിച്ച് തന്റെ സാന്നിദ്ധ്യവും അധികാരവും റോമാനഗരത്തില്‍ സ്ഥാപിക്കാന്‍ വാശിപിടിക്കുന്ന അമ്മായിഅപ്പനും മറുവശത്ത്‍ മുണ്ടക്കയത്തെ രണ്ടുപറക്കണ്ടവും....
എന്താവശ്യമുണ്ടെങ്കിലും അറിഞ്ഞുസഹായിക്കുന്നവനാണ് തോമസ്സ്. ഇങ്ങനെ ഒരു വിഷമപ്രശ്നം മറികടക്കാന്‍ അവനെ സഹായിക്കാതിരുന്നാല്‍ അത് തികഞ്ഞ നന്ദികേടാവും.

ആലോചിച്ചിട്ട് എന്റെ മുമ്പില്‍ ഒരുവഴിമാത്രമെ തെളിഞ്ഞുവന്നൊള്ളു.... അരീച്ചയിലേക്കുള്ളവഴി.

"നാളെ അവധിയല്ലെ തോമസ്സെ ...നമുക്ക് നിന്റെ അമ്മായി അപ്പനേം കൊണ്ട് അരീച്ച ഗ്രാമത്തിലേക്കു പോകാം. പോകുന്നവഴിക്ക് വിജനമായ കാട്ടുവഴികളിലെവിടേലുംവച്ച് അങ്ങേരുടെ ആഗ്രഹം സാധിക്കാന്‍ സൗകര്യമൊരുക്കികൊടുക്കെം ചെയ്യാം..."


"വെറും കാട്ടുവഴിയില്‍?... അതു പപ്പായ്ക്ക് ഇഷ്ടാമാവുമോ?"

"അതുവെറും കാട്ടുവഴിമാത്രമല്ലാ തോമസ്സ്... ജൂലിയസ്സ് സീസ്സറൊക്കെ റോമിലേയ്ക്ക് കടന്നുവന്ന ചരിത്രവഴികളാണ്...നിന്റെ അമ്മായിഅപ്പനു അധികാരം സ്ഥാപിക്കാനും കൊടിനാട്ടാനുമൊക്കെ ഇതിലും ബസ്റ്റ് ഒരു സ്പോട്ട് ഇറ്റലിയില് വേറേ ഏതാണുള്ളത്..."

റോമാ പട്ടണത്തില്‍നിന്നും അരീച്ച എന്ന ഗ്രാമത്തിലേക്ക് ഏകദേശം അമ്പത്കിലോമീറ്റര്‍ദൂരമുണ്ട്. വേനല്ക്കാല അവധി ദിവസങ്ങളില്‍ റോമില്‍നിന്നും മുങ്ങുന്ന മലയാളികളില്‍ ഭൂരിഭാഗവും അരീച്ച മലകളിലാണ് പൊങ്ങുന്നത്... ആദായവിലയ്ക്ക് ഒന്നാന്തരം കണ്ട്രിവൈന്‍ കിട്ടുമെന്നതാവാം ഒരുകാരണം. പരമ്പരാഗതമായ രീതിയില്‍ ചുട്ടെടുക്കുന്ന പന്നിയിറച്ചിയും, എരുമപ്പാലില്‍ നിന്നും നമ്മുടെ കണ്മുന്‍പില്‍ വച്ചുതന്നെ ഉരുട്ടിയെടുത്തുതരുന്ന മൊക്സ്റല്ലാ ചീസും ഒക്കെ അരീച്ചയുടെ ഹൈലൈറ്റ്സ് ആണ്.(ഇതാണ് അരീച്ച ഗ്രാമത്തിലെ സുപ്രസിദ്ധമായ പന്നിചുട്ടത്)

ഇതുമാത്രമല്ല മനോഹരമായ അല്‍ബാനോ തടാകത്തിന്റെ തീരത്തുകൂടി രണ്ടായിരത്തി ഇരുന്നൂറോളം അടി കുന്നുകയറി ചെസ്റ്റ്നട്ട് കാടുകളിലൂടെ ശുദ്ധവായുവും ശ്വസിച്ചുള്ള യാത്ര ഉല്ലാസകരമാണ്.


ആഗ്സ്റ്റ് പതിനഞ്ചിനു രാവിലെ ഞങ്ങള്‍ യാത്രപുറപ്പെട്ടു...

വള്ളിയിട്ട് അരയില്‍ കെട്ടിവച്ചാലും ഒഴുകിനടക്കുന്ന പ്രീമിയര്‍ പോളീസ്റ്റര് ഡബിള്‍മുണ്ടാണ് അച്ചായന്‍ ഉടുത്തിരുന്നത്. പ്രീമിയര്‍ മുണ്ടുകള്‍ ധരിച്ചവര്‍ക്ക്... എന്നും എവിടെവച്ചും അന്തസ്സുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനിക്കാരന്‍ തന്നെ മുന്നറിയിപ്പ് തരുന്നതു വെറുതെയല്ല.

ചെറുപ്പത്തില് മണ്ണപ്പം ചുട്ടുകളിച്ചതിന്റെ ബാക്കിപത്രമായ് കാലിന്മെല്‍ ചൊറിവന്നതിന്റെ പാടുള്ളതിനാല്‍ ഒരിക്കലും ബര്‍മ്മൂഡ ഉപയോഗിക്കാത്ത തോമസ്സ്...അമ്മായിഅപ്പന്‍ അടിച്ച് ഫിറ്റായ് മുണ്ടുരിഞ്ഞുതലയില്‍ കെട്ടുമ്പോള്‍ ഒരു കമ്പനികൊടുക്കാന്‍ ആയിരിക്കണം ബര്മൂഡയില്‍ വന്നിരിക്കുന്നു... രണ്ടുപറക്കണ്ടത്തിനുവേണ്ടി ചെറിയ വിട്ടുവീഴ്ചകളും ചെറിയ ബര്‍മൂഡകളും ആവുന്നതില്‍ തെറ്റില്ലാ.


പോപ്പിന്റെ അവധിക്കാല വീടിരിക്കുന്ന കാസ്തല്‍ഗന്തോള്‍ഫിലെത്തിയപ്പോള്‍ തന്നെ അച്ചായനു കൊടിനാട്ടാനുള്ള വിളിയുണ്ടാകുന്നതായ് അറിയിപ്പുവന്നു. വഴിയില്‍ ആളനക്കം കൂടുതലുള്ള ഏരിയ ആയതിനാല്‍ ഞങ്ങള്‍ കേള്‍ക്കാത്ത ഭാവം നടിച്ചു.

പണ്ടെങ്ങോ പൊട്ടിത്തെറിച്ച ഒരു അഗ്നിപര്‍‍വ്വതമുഖത്ത് രൂപം കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്ന മനോഹരമായ അല്‍ബാനോ തടാകം. തടാകം കഴിഞ്ഞാല്‍ പിന്നെ കുന്നുകയറിയാണ് യാത്ര...

"ഇതുനമ്മുടെ കുട്ടിക്കാനം പോലിരിക്കുന്നല്ലോടാ പിള്ളാരെ"... അച്ചായന്‍ പറഞ്ഞു

"അതെ അതെ കുറച്ച് ആനകളെ കൊണ്ടുവന്ന് നിറുത്തിയാല്‍ തേക്കടിപോലെയും തോന്നും"

പിന്നീടങ്ങോട്ട് വഴിവിജനമാവുകയാണ്... റോഡിനിരുവശവും കുറ്റിക്കാടുകള്‍ നിറഞ്ഞ വിസ്തൃതമായ ഭൂപ്രദേശം. കുറച്ചുകൂടി കയറിക്കഴിഞ്ഞപ്പോള്‍ ഇടതൂര്‍ന്ന ചെസ്റ്റ്നട്ട്മരക്കാടുകള്‍ ...

അരീച്ചയിലേക്കു വഴിതിരിയുന്ന നാലുംകൂടിയ കവലയിലെത്തിയപ്പോള്‍ അച്ചായന്‍ വണ്ടി നിര്‍ത്താന്‍ വീണ്ടും ആവശ്യപ്പെട്ടു...

വളവുതിരിഞ്ഞ് അല്പംകൂടി മുന്നോട്ട് പോയ് ...വീതിയേറിയവഴി തീര്‍‍ത്തും വിജനമാണ്. മുന്നോട്ട് ചെറിയ കയറ്റം ... സൗകര്യപ്രദമായ ഒരിടത്ത് ഞാന്‍ വണ്ടിനിര്‍ത്തി.

ആ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാനായ് ഞങ്ങളും അച്ചായനൊപ്പം വണ്ടിയില്‍ നിന്നും ഇറങ്ങി.

വഴിയുടെ ഓരത്ത് അച്ചായന്‍ ഒരിക്കലും പിടിച്ചുവയ്ക്കരുതെന്നു ആയൂര്‍‌വേദാചാര്യന്മാര്‍ പറഞ്ഞിട്ടുള്ള നാലാമത്തെ വേഗം വേഗത്തില്‍ സാധിക്കുകയായിരുന്നു....

പെട്ടെന്ന്....

"എന്റമ്മെ..... " ഉറക്കെ കരഞ്ഞുകൊണ്ട് അച്ചായന്‍ വഴിയുടെ നടുക്കോട് ഏടുത്തുചാടി..

"എന്താ ..എന്തുപറ്റി പപ്പാ... എന്തെങ്കിലും കണ്ടുപേടിച്ചോ?" എന്നു തോമസ്സും, പേടിക്കാന്‍ ഇതെന്താ ആദ്യമായിട്ടാ കാണുന്നെ എന്നൊരു സംശയത്തോടെ ഞാനും അച്ചായന്റെ മുഖത്തോട്ട് നോക്കി...

അച്ചായനു ഒന്നും മിണ്ടാനാകുന്നില്ലാ. ചില സിനിമകളിലൊക്കെ പ്രേതത്തെ കണ്ട് പേടിച്ച് ഒന്നും പറയാനാവാതെ നില്‍ക്കുന്നവരുടെ മുഖഭാവം ....

തണുപ്പുകാലമല്ലാത്തതിനാല്‍ നാലാമത്തെ വേഗം ഐസ് സ്റ്റിക്കായിട്ട് വന്ന് അച്ചായനെ വിരട്ടിയതാകാന്‍ തരമില്ലാ...

പെട്ടെന്ന് അച്ചായന്‍ വഴിയില്‍ താന്‍ ഒഴിച്ചുകളഞ്ഞ നാലാമത്തെ വേഗത്തിലേക്കു ചൂണ്ടിക്കാണിച്ചു...

എന്താണെന്നറിയാന്‍ നോക്കിയ തോമസ്സും ...ഞാനും ഒന്നിച്ചു വിളിച്ചുപോയ്...

"അമ്മേ...."

അച്ചായന്റെ നാലാമത്തെ വേഗം വേഗത്തില്‍ മുകളിലേക്ക് ഒഴുകിപ്പോകുന്നു... ഒരു പാമ്പ് ഇഴഞ്ഞുനീങ്ങുന്നപോലെ അതു ടാറിട്ട റോഡിലൂടെ അരീച്ച ഡയറക്ഷനില്‍ ഒഴുകി കയറുകയാണ്...


"ഇവിടെ വല്യ പ്രേതബാധയുമുള്ള സ്ഥലമാണോ‌ മക്കളെ?"... അച്ചായന്‍ ഭയപ്പാടോടെ ചോദിച്ചു....

മറുപടിപറയാനാവാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍.

എത്രയും പെട്ടെന്നു അവിടം വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു തിരികെ വണ്ടിയില്‍ കയറി.
പ്രേത സിനിമയിലൊക്കെ കാണുന്നപോലെ വണ്ടി സ്റ്റാര്‍ട്ടാകാതെ ഇരിക്കുമെന്നും, കുറച്ചുകഴിയുമ്പോള്‍ വനത്തില്‍നിന്നും -

"കോമെ ലോംബ്രാ..... ആ ആ
സോനോ ഫ്ലൂസ്സോ....
........................"
(നിഴലായ് ഒഴുകിവരും ഞാന്‍ എന്ന യക്ഷിപ്പാട്ട് ഇറ്റാലിയന്‍ യക്ഷിപാടുന്നത്..)‍

എന്നൊക്കെ പാടിക്കൊണ്ട് സാരിയുടുക്കാത്ത യക്ഷിവരുമെന്നും പ്രതീക്ഷിച്ചു... .

തോമസ്സിന്റെ കാറിന്റെ ഏറ്റവും ഫ്രണ്ടില്‍ മെത്രാന്മാരുടെ വണ്ടിയിലൊക്കെ ഉള്ളതുപോലെ ഒരു കുരിശ് വച്ചിട്ടുള്ളതിനാലോ...പിന്‍സീറ്റില്‍ പപ്പ ഇരുന്നിരുന്നതിനാലോ എന്തോ .. അങ്ങിനെ ഒന്നും സംഭവിച്ചില്ലാ.

വണ്ടി പെട്ടെന്നു സ്റ്റാര്‍ട്ടായി...
പോകുന്നതിനു മുമ്പെ ഒരു പരീക്ഷണത്തിനു ഞാന്‍ വണ്ടി ഗിയര്‍ ന്യൂട്രലാക്കി ഇട്ടുനോക്കി....
വണ്ടി സാവധാനം കയറ്റത്തിലേയ്ക്ക് ഉരുണ്ടുപോകുന്നു...
വിസ്മയം വീണ്ടും ബാക്കി.

തിരിച്ചുവന്നവഴിക്കാണ് ഈ അനുഭവം ഉണ്ടായതെങ്കില്‍ വീഞ്ഞിനെ കുറ്റം പറയാമായിരുന്നു ഇതു രാവിലെ വെറും കട്ടഞ്ചായേടെ പുറത്തുണ്ടായ അനുഭവമാണ്...

സംഭവം കഴിഞ്ഞ് ഒരാഴ്ച അച്ചായന്‍ പനിപിടിച്ചുകിടന്നു. പിന്നെ പെട്ടെന്നു നാട്ടിലോട്ട് തിരിച്ചുപോയ്. രണ്ടുപറക്കണ്ടം മറ്റുപെണ്മക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ തോമസ്സിന്റെം ബിന്ദൂന്റെം പേര്‍ക്ക് എഴുതിക്കൊടുത്തു. ഇപ്പോള്‍ ഏതുകാട്ടില്പോയാലും മൂത്രമൊഴിക്കാന്‍ വീട്ടില്‍ തിരിച്ചുവരുമെന്നും കൂടുതല്‍ നേരവും ബൈബിള്വായന പ്രാര്‍ത്ഥന ഒക്കെയായ് കഴിഞ്ഞുകൂടുന്നു എന്നും കേള്‍ക്കുന്നു.


ഈ മായക്കാഴ്ച ഉണ്ടായ വഴിയുടെ സാറ്റ്ലൈറ്റ് ചിത്രം ഗൂഗിളില്‍നിന്നും എടുത്ത് ഇവിടെ ഇടുന്നു...
ആര്‍ക്കേലും പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ധൈര്യമായിട്ടു വാ.... ഒരിക്കല്‍ക്കൂടി അത്രിടം വരെപോകാന്‍ ഒരു കൂട്ടും നോക്കി ഇരിക്കുകയാണ് ഞാന്‍.

13 comments:

(പണ്ട്) സുന്ദരന്‍ said...

മായക്കാഴ്ച ഉണ്ടായ വഴിയുടെ സാറ്റ്ലൈറ്റ് ചിത്രം ഗൂഗിളില്‍നിന്നും എടുത്ത് ഇവിടെ ഇടുന്നു...
ആര്‍ക്കേലും പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ധൈര്യമായിട്ടു വാ.... ഒരിക്കല്‍ക്കൂടി അത്രിടം വരെപോകാന്‍ ഒരു കൂട്ടും നോക്കി ഇരിക്കുകയാണ് ഞാന്‍.

ഒരു “ദേശാഭിമാനി” said...

ഞാന്‍ വാരാം! രണ്ടുപറകണ്ടമൊന്നും വേണ്ട - “ഒരു ഇത്തിരി പോന്ന“ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിമാനടിക്കറ്റു തന്നാല്‍ കൂട്ടിനു ഞാന്‍ റെഡി! :)

കുഞ്ഞന്‍സ്‌ said...

സത്യം പറ സുന്ദരാ, തോമസിന്റെ അമ്മായിഅപ്പനെന്നൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ.. ഇങ്ങേരു പന്നിയെ തിന്നാന് പോകുന്നതിനിടയ്ക്ക് വഴിയിലിറങ്ങി പേടിച്ച കഥയല്ലേ ഇത് ;)... പോരാത്തതിനു ഒരു വെല്ലുവിളിയും.. ശരി ശരി ഞാന് വിശ്വസിച്ചു

പിന്നെ ഇനിയുമുണ്ട് കേട്ടോ പ്രേതവഴികള് ഇറ്റലിയില്...ഇവിടെ കാണാം

സുന്ദരന്‍ said...

ഒരു ദേശാഭിമാനി...
അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒരു വിമാനടിക്കറ്റു ഓഫര്‍ചെയ്യാന്‍ പറ്റുന്ന അവസ്തയിലല്ലാ ഞാനിപ്പോള്‍...
എങ്കിലും താങ്കളുടെ താല്പര്യത്തെ മാനിച്ച് ഒരു ഓഫര്‍ തരാം...

നമ്മുടെ നാട്ടില്‍ നീലക്കൊടിവേലി എന്ന ഒരു സംഭവമുള്ളതായ് കേട്ടിട്ടുണ്ട്...
ഇതു ഒഴിക്കിനെതിരെ നീങ്ങുന്നതും ധാരാളം അത്ഭുത സിദ്ധികളുള്ളതുമായ ഒരു സസ്യമാണ്....
തീക്കോയ് മലയിലെവിടൊക്കെയോ ഇത് ഉണ്ടെന്ന് പറയപ്പെടുന്നു...

നാട്ടിലേക്കുള്ള അടുത്തവരവില്‍ ഓപ്പറേഷന്‍ നീലക്കൊടിവേലി 2009 എന്ന ഒരു സാഹസീക യാത്ര ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്... അതില്‍ താങ്കളെയും ഉള്‍പ്പെടുത്താം ...

----------
കുഞ്ഞാ... ഇവിടെ ആ ലിങ്ക് കൊണ്ടുവന്നിട്ട് വെറുതെ പ്രേതങ്ങള്‍ക്ക് പേരുദോഷം ഉണ്ടാക്കേണ്ടായിരുന്നു....

G.manu said...

സുന്ദരാ വന്ദനം.
കസറന്‍ പോസ്റ്റ്..ചിരിച്ചു മരിചു.. അറിഞ്ഞു രമിച്ചു.. നിന്റെ സ്റ്റൈല്‍ സൂപര്‍ ഡാ..

ഒപ്പം എനിക്കൊരു പരസ്യസ്പാര്‍ക്കും കിട്ടി

“മുണ്ട് പ്രീമിയര്‍ എങ്കില്‍ കണ്ട്രി എന്തായാലെന്ത്..”
:)

നന്ദകുമാര്‍ said...

“നാലുകുപ്പി വൈന്‍ അടിച്ചു പിന്നെ പപ്പാ മേശപ്പുറത്തടിച്ചു... സപ്ലയറെ അടിക്കുന്നതിനു മുമ്പെ പിടിച്ചിറക്കികൊണ്ടുപോന്നു... അപ്പോള്‍ ചങ്കത്തടിച്ചു.....“
കോമെ ലോംബ്രാ..... ആ ആ
സോനോ ഫ്ലൂസ്സോ....“
“തോമസ്സിന്റെ കാറിന്റെ ഏറ്റവും ഫ്രണ്ടില്‍ മെത്രാന്മാരുടെ വണ്ടിയിലൊക്കെ ഉള്ളതുപോലെ ഒരു കുരിശ് വച്ചിട്ടുള്ളതിനാലോ...പിന്‍സീറ്റില്‍ പപ്പ ഇരുന്നിരുന്നതിനാലോ എന്തോ ..“
ഇനീം പെറുക്കാന്‍ നിന്നാല്‍ മുഴോനും പെറുക്കിയെടുക്കേണ്ടി വരും. എങ്ങിനെ സാധിക്കുന്നാശാനേ ഇമ്മാതിരി കോമഡി എഴുതാന്‍ യാതൊരു അനാവശ്യ വിവരണങ്ങളുമില്ലാതെ...ഹൊ!
പറയാതിരിക്കാന്‍ വയ്യ.. സുന്ദരന്റെ സുന്ദരന്‍ പോസ്റ്റ് കൂടി..:)

lakshmy said...

കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദരമായ വിവരണവും. ഇതിൽ കുഞ്ഞൻ ഇട്ട ലിങ്കിലൂടെ പോയി. അത്തരം വിവരങ്ങൾ എനിക്ക് പുതിയത്. നന്ദി കുഞ്ഞൻ
[ചുട്ട പന്നി ദാ ഇറങ്ങി ഓടാൻ പോണു സുന്ദരാ]

lakshmy said...

കൊള്ളാം. സുന്ദരൻ കഥ. നന്നേ ഇഷ്ടപ്പെട്ടു. അതിസുന്ദരമായ വിവരണവും. ഇതിൽ കുഞ്ഞൻ ഇട്ട ലിങ്കിലൂടെ പോയി. അത്തരം വിവരങ്ങൾ എനിക്ക് പുതിയത്. നന്ദി കുഞ്ഞൻ
[ചുട്ട പന്നി ദാ ഇറങ്ങി ഓടാൻ പോണു സുന്ദരാ]

മുസാഫിര്‍ said...

നല്ല സുന്ദരമായ കഥ.സുന്ദരാ.
ഞങ്ങളുടെ നാട്ടില്‍ ചില ചാത്തന്മാര്‍ ഇങ്ങിനത്തെ ഉഡായിപ്പ് പണികള്‍ ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്.ഇനി വല്ല റോമന്‍ ചാ‍ത്തന്‍സ് ആണോ ?

മാണിക്യം said...

സുന്ദ്രാ: നല്ല സുന്ദരന്‍ അവതരണം ഇപ്പോള്‍ പശ്ചാത്തപം തോന്നുന്നു രണ്ട് ദിവസം മുന്നെ തലകെട്ട് വായിച്ചു ഓ പ്രേതമാണോ ?
എന്നും പറഞ്ഞു ഞാനങ്ങു പോയി പിന്നെ തിരക്കായി ,ഇന്ന് വന്നപ്പൊഴാ ല്ലെ പച്ച താപം.
എന്തായാലും അച്ചായന്റെ പോട്ട്‌ട്രേറ്റ് ഉഗ്രന്‍ ..
അരീച്ച മലകളെ കുട്ടിക്കാനത്തോടു
ഉപമിച്ച അച്ചായന്റെ ഭാവനേ!!
അഭിനന്ദനം നിനക്കഭിനന്ദനം...

ശ്രീ said...

ആ ഇറ്റാലിയന്‍ യക്ഷിപ്പാട്ട് രസമായി

nardnahc hsemus said...

വായിച്ചു, രസിച്ചു!
എങ്കിലും അതെങനെ ഒഴുകി? ഞാനിവിടുള്ള റോഡുകളിലൊക്കെ ഒരു വിധം പരീക്ഷിച്ചു നോക്കി... നോ രക്ഷതു...

സുന്ദരന്‍ said...

റോമിലെ പ്രേതവഴി കാണാന്‍ വന്നവര്‍ക്ക് എല്ലാവര്‍ക്കും നന്ദി...
അത്ഭുതംകൊണ്ട് കണ്ണുതള്ളി ഞാന്‍ ഈ വഴിയില്‍ നിന്നുപോയ്...
ഇതൊരു മായക്കാഴ്ചയാണ്, മാഗ്നറ്റിക് ഹില്ല് എന്നറിയപ്പെടും
ലോകത്തില്‍ പലയിടത്തും ഇതു കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ലഡാക്കില്‍ ഉണ്ടെന്ന് പറയുന്നു...
കൂടുതല്‍ അറിയാന്‍ കുഞ്ഞന്‍സ് കൊടുത്തിരിക്കുന്ന വിക്കിയുടെ ലിങ്ക് നോക്കിയാല്‍ മതി....