Wednesday 14 March 2007

പിക്സ (പിസ) മാര്‍ഗരീത്ത




പിക്സ (പിസ) മാര്‍ഗരീത്ത
(സുന്ദരന്‍ പെയിന്റ്‌ബ്രഷില്‍ ഉണ്ടാക്കിയെടുത്തത്‌)
_______________________________

തങ്കപ്പന്‍ ആശാരി മരപ്പണിയില്‍ കെങ്കേമന്‍...
ന്യായമായ പണികൂലിയും തൊഴിലില്‍ വെള്ളം ചേര്‍ക്കാത്ത പ്രകൃതവും...

എങ്കിലും മൂപ്പരെ പണിക്കുവിളിക്കാന്‍ ആളുകള്‍ക്കു മടിയായിരുന്ന ഒരു കാലമുണ്ടായിരുന്നു....
എന്തു ഭക്ഷണം വച്ചുവിളമ്പിക്കൊടുത്താലും ഇഷ്ടമാവില്ല ...വെജ്‌ കൊടുത്താലും നോണ്‍വെജ്‌ കൊടുത്താലും കുറ്റംപറയും...എത്ര നല്ല പ്രൊഫഷണല്‍ കുക്ക്‌ കറികള്‍ വച്ചുവിളമ്പിയാലും ഇഷ്ടപ്പെടില്ല...

"ഇതൊന്നും എന്റെ വീട്ടില്‍ ഭാര്യ തരുന്ന കറിയോളം പറ്റില്ല" എന്നാണു ഭാഷ്യം...

ഈ കലാകാരനു ഭാര്യ വീട്ടില്‍ എന്താണു വച്ചുവിളമ്പുന്നതെ എന്നറിയാനുള്ള ആഗ്രഹത്തില്‍ ചിലര്‍ രാത്രിയില്‍ തങ്കപ്പനാശാരിയുടെ അത്താഴപൂജ കാണാന്‍ ഒളിച്ചും പാത്തും ചെല്ലുകയുണ്ടായി..

അടുക്കളയില്‍ നിലത്തു പടിഞ്ഞിരിക്കുന്ന ആശാരിയുടെ മുമ്പില്‍ ഭാര്യ ചൂടന്‍ കഞ്ഞി ഒരു വലിയ പാത്രത്തില്‍ വിളമ്പിവച്ചു.... തൊട്ടുകൂട്ടാന്‍ കാന്താരിമുളകും ഉപ്പും കൂട്ടിയരച്ചതില്‍ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചതും....


അടുത്ത ദിവസം ആശാരിയെ പണിക്കുവിളിച്ചവര്‍ കഞ്ഞിയും മുളകരച്ചതും വിളമ്പിയപ്പോള്‍ ...

" ആഹാ...ഇപ്പോള്‍ എന്റെ വീട്ടിലേപ്പോലെ രുചികരം പ്രിയകരം ആനന്ദകരം" എന്നാണു തങ്കപ്പന്‍ ആശാരി പറഞ്ഞത്‌..


(എവിടെയോ പറഞ്ഞുകേട്ടകഥ...കോപ്പി റൈറ്റ്‌ ഇഷ്ടമുള്ളോരെടുത്തോ..)
___________________________________________


പണ്ട്‌ പണ്ട്‌ ഇറ്റലിയിലെ നേപ്പിള്‍സിലെ മാര്‍ഗരീത്ത രാജ്ഞിക്കും ഇതുപോലെ ഒരു സ്വഭാവമുണ്ടായിരുന്നതായി ചരിത്രം പറയുന്നു...രാജ്യത്തുള്ള ഏതു ബേക്കറിയില്‍നിന്നും വളരെ ആര്‍ഭാടമായ്‌ ഉണ്ടാക്കിയ പിക്സ (പിസ) കൊണ്ടുവന്നാലും കുറ്റം പറയും...

പിക്സ തിന്നുകയും വേണം ഒന്നും ഇഷ്ടപ്പെടുന്നുമില്ല...

അങ്ങിനെയിരിക്കെ ഒരു പാവത്താന്‍ ബേക്കറിക്കാരന്‍ വളരെ ലളിതമായ ഒരു പിക്സ ഉണ്ടാക്കി കൊട്ടാരത്തില്‍ രാജ്ഞിയെ മുഖം കാണിക്കാനെത്തി... എല്ലാവരും ആ പാവത്തിനെ പരിഹസിച്ചു...

"ഉം..ഉം...ചെല്ല് ചെല്ല്...ഇതിലും വല്യ മഴപെയ്തിട്ട്‌ ഈ തള്ള കൊടപിടിച്ചിട്ടില്ല പിന്നെയാ ഇത്‌..."

പക്ഷെ പിക്സ രുചിച്ചുനോക്കിയ രാജ്ഞി തങ്കപ്പന്‍ ആശാരി പറഞ്ഞപോലെ..


" ദേ ..ഇപ്പോളാണെനിക്കു മനസ്സീ പിടിച്ച പിക്സ കിട്ടിയത്‌" എന്നു പറഞ്ഞു...

പിക്സകളിലെ രാജ്ഞി (രാജാവ്‌) ആയി ഇന്നറിയപ്പെടുന്ന "പിക്സ മാര്‍ഗരീത്ത" യുടെ ഉത്ഭവം അങ്ങിനെ ആയിരുന്നു....വളരെ ലളിതവും എന്നാല്‍ രാജകീയവുമായ ആ പിക്സയുടെ നിര്‍മ്മാണം ഇങ്ങനെയും ആവാം
(റസിപ്പി ഹോട്ടല്‍ കോര്‍ത്തറില്ലോ റോമയുടെ ഷെഫ്‌ ജൂസപ്പെ ഫോന്തിയുടെ കുറിപ്പുകളില്‍നിന്നും അനുവാദത്തോടെ ചൂണ്ടിയെടുത്തത്‌...)


പിക്സ മാര്‍ഗരീത്ത.(നാലാളുകള്‍ക്കുള്ളത്‌ )
____________________________

ആവശ്യമുള്ള സാധനങ്ങള്‍

1. മൈദ 400

2. തക്കാളി പുളിയില്ലാത്തതും ദശക്കട്ടിയുള്ളതും ഇടത്തരം നാലെണ്ണം

3. മൊക്സറല്ല ചീസ്‌ 400 ഗ്രാം (എരുമപ്പാലില്‍ നിന്നും ഉണ്ടാക്കിയതാണെങ്കില്‍ ഉത്തമം)

4. യീസ്റ്റ്‌ ഏകദേശം 20 ഗ്രാം

5. തുളസിയില (ബേസില്‍) അഞ്ചാറെണ്ണം

6.ഉപ്പ്‌ ആവശ്യത്തിനു

7.ഒലിവോയില്‍..കുറച്ച്‌(താല്‍പര്യ്മുണ്ടെങ്കില്‍ മാത്രം )

പാചകം ചെയ്യുന്ന രീതി


മൈദമാവ്‌ ഇളം ചൂടുവെള്ളത്തില്‍ ഉപ്പും യീസ്റ്റും ചേര്‍ത്ത്‌ കുഴച്ച്‌ ഒരു പന്തുപോലെ ഉരുട്ടിവയ്ക്കുക...(റഗ്ബിയുടെ പന്ത്‌ ആകാതിരിക്കാന്‍ ശ്രമിക്കുമല്ലോ..)


ഇതിനെ ഒരു തുണികൊണ്ട്‌ മൂടി ഏകദേശം ഒരുമണിക്കൂറോളം പൊങ്ങാന്‍ വയ്ക്കുക
(കോഴിയെ മുട്ടയിടാന്‍ കൊട്ടയ്ക്കടിയില്‍ പിടിച്ചിട്ടിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മുട്ടയിട്ടോന്നു പൊക്കിനോക്കുന്ന സ്വഭാവം ഇവിടെ കാണിക്കരുത്‌...നിങ്ങളുടെ വക ഒരു പ്രോല്‍സാഹനവും കൊടുക്കണ്ട അതവിടെയിരുന്ന് തനിയേ പൊങ്ങിക്കോളു)


1 മണിക്കൂറിനു ശേഷം പൊങ്ങച്ചക്കാരന്‍ മൈദയെ വീണ്ടും ഒന്നുകൂടി കുഴച്ച്‌ മര്യാദ പഠിപ്പിക്കുക...
പിന്നെ നാലു ചെറിയ പന്തുകളാക്കി ഉരുട്ടുക...അതിനെ ഒരേകനത്തില്‍ നല്ല വൃത്താകൃതിയില്‍ പരത്തി മുകളില്‍ മൊക്സറല്ല ചീസ്‌ ചെറിയ ക്യൂബുകളാക്കി അരിഞ്ഞത്‌ നിരത്തുക (അല്‍പം ഉപ്പുപൊടി ഇവിടെയും പ്രയോഗിക്കാം)


അതിനു ശേഷം തക്കാളിയുടെ കുരുവും തൊലിയും നീക്കിയത്‌ നീളമുള്ള പീസുകളായ്‌ അരിഞ്ഞു ചീസിന്റെ മുകളില്‍ വിതറുക(കുരുവും തൊലിയും കളയാന്‍ അറിയില്ലാത്തവര്‍ ചോദിക്കുക)

200 ഡിഗ്രിയില്‍ അവന്‍ സെറ്റ്ചെയ്ത്‌ 20 മിനിറ്റ്‌ വേവിച്ചെടുക്കുക...

ചൂടൊടെ കഴിക്കാന്‍ വരട്ടെ മുകളില്‍ തുളസിയില വച്ചലങ്കരിക്കുക...ഒലിവോയില്‍ ഇഷ്ടമുള്ളവര്‍ അല്‍പം മീതെ ഒഴിക്കുക (അതാണതിന്റെ രീതി)-


ഇതാണിന്നു പ്രചാരത്തിലുള്ള പിക്സ മാര്‍ഗരീത്ത...(പഴയ കാലത്തെ പിക്സയില്‍ ചീസ്‌ ഉപയോഗിച്ചിരുന്നില്ല പകരം മൂന്നൊ നാലൊ വെളുത്തുള്ളി അല്ലി നടുവേ പിളര്‍ന്നു വച്ചതിനു ശെഷം അവനില്‍ വച്ചു ബേയ്ക്കുചെയ്തിരുന്നു)

പ്രത്യേക ശ്രദ്ധയ്ക്ക്‌...

നാലു പിക്സയാണു ഉണ്ടാക്കാന്‍ ഉരുട്ടിവച്ചിരിക്കുന്നത്‌....തക്കാളിയും ചീസും മുഴുവനും എടുത്ത്‌ ആദ്യമുണ്ടാക്കിയ പിക്സയില്‍ ഇട്ടാല്‍ പിന്നെയുള്ള മൂന്നു പിക്സ വെറും ബ്ലാങ്ക്‌ പിക്സ ആയി ഉണ്ടാക്കേണ്ടി വരും...(അതും ഇറ്റലിയില്‍ ഫെയ്മസാണേ)


*നിങ്ങളുടെ സംശയങ്ങല്‍ക്കു മറുപടി തരുന്നതായിരിക്കും..(ജൂസപ്പേയുടെ സൗകര്യംകൂടി നോക്കീട്ട്‌)

8 comments:

സുന്ദരന്‍ said...

പിസയുടെ ജന്മനാട്ടില്‍നിന്നും...പിസയുടെ രാജ്ഞിയായ ....
പിസ മാര്‍ഗരീത്തായുടെ...
റസിപിയുമായ്‌....
സുന്ദരന്‍....
റോമക്കഴ്ച്ചയില്‍

ആവനാഴി said...

ഹൈ സുന്ദര്‍,

“റസിപ്പി ഹോട്ടല്‍ കോര്‍ത്തറില്ലോ റോമയുടെ ഷെഫ്‌ ജൂസപ്പെ ഫോന്തിയുടെ കുറിപ്പുകളില്‍നിന്നും അനുവാദത്തോടെ ചൂണ്ടിയെടുത്തത്‌... ”

അല്ല സുന്ദര്‍, യൂസപ്പേ പോന്തിയുടെ അനുവാദത്തോടെയാണെങ്കില്‍ പിന്നെ ചൂണ്ടിയതെന്തിനു? ചൂണ്ടൂക എന്നു പറയുന്നതില്‍ത്തന്നെ ഒരു കള്ളലക്ഷണമാണല്ലോ കാണുന്നത്.

യൂസപ്പ് പൊത്തകം നോക്കിയായിരിക്കുമല്ലോ പിക്സ മാര്‍ഗരീഥ ഉണ്ടാക്കിക്കൊണ്ടിരുന്നത്. പുള്ളി കോര്‍ത്തറില്ലോയുടെ കുശിനിയിലേക്കു പോയ തക്കത്തിനു ചൂണ്ടിയതാ അല്ലേ?

പിന്നെ തങ്കപ്പന്‍ ആശാരി കസറി.പിക്സയുടെ റിസപ്പ ഒന്നു പരീക്ഷിച്ചുനോക്കണം.

വീണ്ടും വരട്ടെ പുതിയ സാധനങ്ങള്‍.

G.MANU said...

"ഉം..ഉം...ചെല്ല് ചെല്ല്...ഇതിലും വല്യ മഴപെയ്തിട്ട്‌ ഈ തള്ള കൊടപിടിച്ചിട്ടില്ല പിന്നെയാ ഇത്‌..."

പക്ഷെ പിക്സ രുചിച്ചുനോക്കിയ രാജ്ഞി തങ്കപ്പന്‍ ആശാരി പറഞ്ഞപോലെ..

ninte pixa onnu try cheyyanam...but only on saturday night...ente leave ellam theernne..

kalakki mashey

കുറുമാന്‍ said...

ആഹാ സുന്ദരന്‍, റെസീപ്പിയുമായും രംഗത്തെത്തിയോ, നല്ല കാര്യം. പോരട്ടെ ഇനി ലസ്സാഗ്നയും (പ്രൌനൌണ്‍സിയേഷന്‍ തെറ്റിയാല്‍ വിട്ടുപിടിക്കണം, ഞാന്‍ ഇങ്ങു ദുഫായിലാ, അല്ലാതെ ഇറ്റലിയിലൊന്നുമല്ലല്ലോ), സ്പാഗ്ഗട്ടിയും, പസ്തായും,പാനിനിയും,ഒക്കെ പോരട്ടേ.

തങ്കപ്പനാശാരീടെ കഥ ഇഷ്ടപെട്ടു :)

-B- said...

ഫുള്‍ ഓഫ് ഡൌട്ട്സ് അഥവാ വിവരമില്ലായ്മകള്‍ സുന്ദരന്‍ സാറേ.

1. ഗ്രാംതക്കാളി പുളിയില്ലാത്തതും ...

അതെന്തൂട്ടാ ഈ ഗ്രാം തക്കാളി? സാദാ തക്കാളി നഹി ചലേഗാ?
2.ഇതിനെ ഒരു തുണികൊണ്ട്‌ മൂടി...

നോര്‍മല്‍ തുണി യാ നനഞ്ഞ തുണി? ഈ പോറോട്ട ഉണ്ടാക്കുന്ന പഞ്ചവത്സര പദ്ധതിയില്‍ നനഞ്ഞ തുണിയാണേ സാധാരണ ഉപയോഗിക്കാറ്.

3. തക്കാളി കുരുവും തൊലിയും കളയാന്‍ അറിയില്ലാത്തവര്‍ ചോദിക്കുക

അതിന് എന്തെങ്കിലും പ്രത്യേക ആശാരിപ്പണി ചെയ്യേണ്ടതുണ്ടോ? സാധാരണ ചെയ്യുന്ന പോലെ തിളച്ച വെള്ളത്തില്‍ ഇടുന്ന ടെക്നോളജി പോരേ?

കണ്ണില്‍ കാണുന്നത് മുഴുവന്‍ ഉണ്ടാക്കി കെട്ടിയോന് കൊടുത്ത് ‘അരേ വാഹ്!‘ പറയിപ്പിക്കുന്ന ഒരു സ്റ്റേജിലാണ് ഞാനിപ്പോ. മലയാളത്തില്‍ പറഞ്ഞാല്‍ പുത്തനച്ചി പുരപ്പുറം റോള്. :) അതുകൊണ്ട്‌ ഇതൊന്ന് ട്രൈ മാടി നോക്കാമെന്ന് വിചാരിച്ചു. ;)

qw_er_ty

Siju | സിജു said...

ആദ്യം വരച്ചു വച്ചേക്കണതാണാ ഈ പറഞ്ഞ സാധനം..
ഞാന്‍ കരുതി അത് പൂക്കളമിട്ടതാണെന്ന്.. :-)

ഞാനേതായാലും തല്‍ക്കാലം പിസഹട്ടിന്റെയോ ഡോമിനോ ചേട്ടന്റേയോ പിസ വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ.. :-(

സുന്ദരന്‍ said...

ആവനാഴി, മനു, കുറുമാന്‍, ബിരിയാണിക്കുട്ടി, സിജു...

നന്ദി..

ബിരിയാണിക്കുട്ടി - സംശയങ്ങള്‍ക്ക്‌ മറുപടി...

ഗ്രാം തക്കാളി എന്നത്‌ പോസ്റ്റിലെ ഒരു മിസ്റ്റേക്കായിരുന്നു...(ഇപ്പോള്‍തന്നെ തിരുത്താം)

തൊലിയും കുരുവും കളയുന്നതിനു കുട്ടി പറഞ്ഞ പണിതന്നെ ചെയ്താല്‍ മതി.(തക്കാളിയുടെ)

നനഞ്ഞതുണി മാവിന്റെ ഈര്‍പ്പം നിലനിര്‍ത്താനാണോ?
എനിക്കതില്‍ വല്യ അറിവില്ല ഇവിടെ നനയാത്തതുണിയാണിടുന്നത്‌.

(ഇതു തങ്കപ്പന്‍ ആശാരിയുടെ കറിപോലെയാണെന്നെ....ഇവിടുത്തെ ഏറ്റവും പോപ്പുലര്‍ പിക്സയാണിത്‌....നൂറിനുമേലെ ഇറ്റാലിയന്‍ ഓതറൈസ്ഡ്‌ പിക്സകള്‍ ഉള്ളതാണെന്നോര്‍ക്കണം....എനിക്കിത്‌ വല്യ ഇഷ്ടമായില്ല ....കുട്ടിയുടെ ഹസ്സ്‌ 'അരേ വാഹ്‌' എന്നാണൊ 'അയ്യൊ വാവേ' എന്നണോ പറയാന്‍ പോകുന്നതെന്നു കണ്ടറിയണം)

കുറുമാന്‍ ജി
ലസ്സാഞ്ഞ,സ്പഗേത്തി (സ്പഗേത്തിയും പാസ്ത തന്നെ)പനീനൊ ഒക്കെ ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം....

പാചക കുറിപ്പുകള്‍ ഉടനേ എഴുതാം

(ദുബായില്‍ അടിപോളി ഇറ്റാലിയന്‍ റെസ്റ്ററന്റുകള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്‌...അവിടെ നിന്നാണോ ലസ്സാഞ്ഞ കഴിച്ചത്‌..)

സുന്ദരന്‍

Anonymous said...

“റസിപ്പി ഹോട്ടല്‍ കോര്‍ത്തറില്ലോ റോമയുടെ ഷെഫ്‌ ജൂസപ്പെ ഫോന്തിയുടെ കുറിപ്പുകളില്‍നിന്നും അനുവാദത്തോടെ ചൂണ്ടിയെടുത്തത്‌... ”


അല്ല സുന്ദരാ, ഇതു 'പിക്സ ഫ്രന്‍ചെസ്കൊ'യില്‍ നിന്നും ചൂണ്ഠിയതല്ലെ!